'ജിഎസ്ടി പരിഷ്കാരങ്ങൾ സുപ്രധാന ചുവടുവെയ്പ്പ്, ഗബ്ബർ ടാക്സ് എന്ന് വിളിച്ച് ആക്ഷേപിച്ചവരെ മറക്കരുത്': രാജീവ് ചന്ദ്രശേഖർ

Published : Sep 04, 2025, 05:08 PM IST
rajeev chandrashekhar

Synopsis

രാജ്യത്തിൻ്റെ സുപ്രധാന ചുവടുവെപ്പാണ് ‌ജിഎസ്ടി പരിഷ്കാരങ്ങളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ദില്ലി: പുരോഗതിയിലേക്കുള്ള പാതയിൽ രാജ്യത്തിൻ്റെ സുപ്രധാന ചുവടുവെപ്പാണ് ‌ജിഎസ്ടി പരിഷ്കാരങ്ങളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ‌. വിപണിയെ കൂടുതൽ ഏകീകൃതവും മത്സരാധിഷ്ഠിതവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജിഎസ്ടി പരിഷ്കരണത്തിന് കേന്ദ്ര സർക്കാർ തുടക്കമിടുന്നത്. പുതിയ നികുതി ഘടന സുതാര്യവും സാധാരണക്കാർക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഉപകാരപ്രദവുമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ജിഎസ്ടി പരിഷ്കരണത്തിന് വേണ്ടി രാജ്യസഭാ സെലക്ട് കമ്മിറ്റിയംഗമായിരിക്കെ ഇടപെടലുകൾ നടത്താൻ തനിക്ക് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ പേർ ജിഎസ്ടിക്ക് കീഴിൽ വരുന്നതോടെ നിരക്കുകളിൽ കുറവുണ്ടാകും. സാധാരണക്കാർക്കത് ഗുണം ചെയ്യുമെന്നും ഇതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന ചർച്ചകളിലടക്കം വ്യക്തമാക്കിയിരുന്നതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സാധാരണക്കാരായ ജനങ്ങൾക്ക് ശാശ്വതമായ നേട്ടങ്ങൾ ഉറപ്പുവരുത്തുകയെന്ന ഈ ലക്ഷ്യം തന്നെയാണ് ഭാവിയെക്കൂടി മുൻപിൽ കണ്ട് പ്രധാനമന്ത്രിയും കേന്ദ്രസർക്കാറും നടപ്പിലാക്കുന്ന എല്ലാ പദ്ധതികളുടെയും പരിഷ്കരണങ്ങളുടെയും ലക്ഷ്യം.

പുതിയ പരിഷ്കാരങ്ങൾ ജിഎസ്ടിയുടെ അടുത്ത ഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. ലളിതമായ നികുതി ഘടന, കുറഞ്ഞ നിരക്കുകൾ, വിലക്കുറവ് എന്നിവയാണ് ഇതിലൂടെ യാഥാർത്ഥ്യമാവുക. ഇതുവഴി ജനങ്ങളുടെ പക്കൽ ചെലവഴിക്കാൻ കൂടുതൽ പണമുണ്ടാകും. സംരംഭകരെ സംബന്ധിച്ച് ചെലവ് കുറയും, ഒപ്പം ഉപഭോഗ സമ്പത്ത് കൂടുതൽ കരുത്ത് നേടുകയും ചെയ്യും. എന്നാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ ജിഎസ്ടി പുതിയൊരു ഘട്ടത്തിലേക്ക് കടക്കുമ്പോൾ അതിനെ ഗബ്ബർ ടാക്സ് എന്ന് വിളിച്ച് ആക്ഷേപിച്ചവരെയും മറക്കരുതെന്നും ജിഎസ്ടിക്ക് എതിരായ നിലപാടായിരുന്നു രാഹുൽ ഗാന്ധി കൈക്കൊണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'സി എം വിത്ത് മീ' പരിപാടിയിലേക്ക് വിളിച്ച് സത്രീകളോട് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ
മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു