പുനസംഘടനയിൽ പ്രതിഷേധം, വയനാട് ബിജെപിയിൽ പൊട്ടിത്തെറി, ബത്തേരി നിയോജക മണ്ഡലം കമ്മറ്റി രാജിവെച്ചു

By Web TeamFirst Published Oct 7, 2021, 12:16 PM IST
Highlights

പുതിയ ജില്ലാ അധ്യക്ഷനെ ഏകപക്ഷീയമായി തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചാണ് രാജി. പല വിധത്തിൽ ആരോപണവിധേയരായവരാണ് പുതിയ നേതൃത്വത്തിലെന്നും രാജി വെച്ചവർ പരാതിപ്പെടുന്നു.

കൽപ്പറ്റ: പുനസംഘടനയിൽ പ്രതിഷേധിച്ച് വയനാട് ബിജെപിയിൽ (bjp) കൂട്ടരാജി. ബത്തേരി നിയോജക മണ്ഡലം കമ്മറ്റി രാജിവെച്ചതിന് പിന്നാലെ മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ലളിതാ വൽസനും ഒൻപത് ജില്ലാ ഭാരവാഹികളും രാജിവെച്ചു. ജില്ലാ പ്രസിഡൻ്റായി കെപി മധുവിനെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് വയനാട്ടിൽ കൂട്ടരാജി. വിവിധ വിഷയങ്ങളിൽ ആരോപണ വിധേയനായ വ്യക്തിയെ ബിജെപി ജില്ലാ അധ്യക്ഷനാക്കിയ ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കാനാകില്ലെന്നാണ് രാജിവെച്ചവരുയർത്തുന്ന വാദം. 

ബിജെപി ബത്തേരി നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ ബി മദൻലാൽ ഉൾപ്പടെ പതിമൂന്നംഗ മണ്ഡലം കമ്മറ്റിയാണ് ആദ്യം രാജിവെച്ചത്. പുതിയ ജില്ലാ അധ്യക്ഷനെ ഏകപക്ഷീയമായി തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് ഇവർ അറിയിച്ചത്. പല വിധത്തിൽ ആരോപണവിധേയരായവരാണ് പുതിയ നേതൃത്വത്തിലെന്നും രാജിവെച്ചവർ പരാതിപ്പെടുന്നു. ബിജെപി ജില്ലാ കമ്മറ്റി ഓഫിസ് ഉദ്ഘാടനത്തിന് ഇന്ന് കേന്ദ്രമന്ത്രി ഉൾപ്പടെ ജില്ലയിൽ എത്താനിരിക്കെയാണ് രാജിപ്രവാഹം. 

കോഴക്കേസിൽ സുരേന്ദ്രനൊപ്പം നില്‍ക്കാത്ത പേരില്‍ സജി ശങ്കറിനെ വയനാട് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് നീക്കിയതോടെയാണ് കൂട്ടരാജി. ബത്തേരി തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പേരില്‍ പല ജില്ലകളിലും അധ്യക്ഷന്‍മാരെ മാറ്റിയപ്പോള്‍ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളെ നടപടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്തുകയോ പരിഹാരം നിര്‍ദ്ദേശിക്കുകയോ ചെയ്യാതെയാണ് ഇപ്പോള്‍ പുനസംഘടന നടപ്പാക്കിയതെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. ഭാരവാഹി പട്ടികയിൽ സ്വന്തം ഇഷ്ടക്കാരെ തിരുകി കയറ്റുന്ന നിലയാണ് ഇപ്പോപ്പോഴുണ്ടായതെന്നും പരാതി ഉയർന്നിട്ടുണ്ട്. നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ചവരെ പ്രതികാര ബുദ്ധിയോടെ മാറ്റി നിര്‍ത്തിക്കൊണ്ടാണ് ഇപ്പോള്‍ പുതിയ ഭാരവാഹികളെ നിശ്ചയിച്ചതെന്നാണ് പരക്കെയുള്ള ആക്ഷേപം. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കൃഷ്ണദാസ് പക്ഷം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കാനൊരുങ്ങുന്നുണ്ട്. 

click me!