Latest Videos

വന്യജീവി പ്രശ്നം നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം; മനുഷ്യ ജീവന്‍ നഷ്ടപ്പെടന്ന സാഹചര്യം ഗൗരവതരമെന്ന് വനംമന്ത്രി

By Web TeamFirst Published Oct 7, 2021, 11:13 AM IST
Highlights

മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് ഭരണഘടനാബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഏഷ്യാനെറ്റ് ന്യൂസ് പരമ്പര ഉദ്ധരിച്ച് വന്യജീവി ആക്രമണം പ്രതിപക്ഷം ഉന്നയിച്ചത്.

തിരുവനന്തപുരം: മനുഷ്യവന്യ ജീവിസംഘർഷം പരിഹരിക്കാൻ പ്രത്യേക നയം രൂപീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ (ak saseendran). പ്രശ്നം ഇരുതലമൂർച്ചയുള്ള വാളാണെന്ന് മന്ത്രി പറഞ്ഞു. മനുഷ്യ ജീവന്‍ നഷ്ടപ്പെടന്ന സാഹചര്യം ഗൗരവതരമാണ്. വന്യജീവി സംരക്ഷണവും പ്രധാന കടമയാണെന്നും വനംമന്ത്രി കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസ് പരമ്പര കാടിറങ്ങുന്ന പോര് സഭയിൽ ഉന്നയിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.

മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് ഭരണഘടനാബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഏഷ്യാനെറ്റ് ന്യൂസ് പരമ്പര ഉദ്ധരിച്ച് വന്യജീവി ആക്രമണം പ്രതിപക്ഷം ഉന്നയിച്ചത്. ആക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണമെന്ന് സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. ആക്രമത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുന്നതിന് മോട്ടോർ ആക്സിഡന്റ് ഇൻഷ്വറസ് പോലെ സംവിധാനം വേണമെന്നും ആവശ്യപ്പെട്ടു.

വന്യജീവി സംരക്ഷണം കൂടി വനം മന്ത്രിയുടെ ഉത്തരവാദിത്തമെന്ന് വിശദീകരിച്ച ശശീന്ദ്രൻ ഒരു നിയന്ത്രണവുമില്ലാതെ മൃഗങ്ങളെ കൊല്ലുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി.  246 സ്ഥലങ്ങളിൽ ജാഗ്രതാ സമിതികൾ രൂപീകരിച്ചു. 17 ഇടങ്ങളിൽ ഡോൺ നിരീക്ഷണം ഏർപ്പെടുത്തും. വനം വകുപ്പിൽ സിസിഎഫിന്റെ നേതൃത്വത്തിൽ പ്രത്യേക വിഭാഗം രൂപീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
അടിയന്തരപ്രമേയത്തിൽ അനുമതി നിഷേധിച്ചെങ്കിലും മന്ത്രിയുടെ ഉറപ്പിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തിയില്ല.

 

click me!