
തൃശൂര്‍: തൃശൂർ മേയര്‍ എം കെ വര്‍ഗീസിനെ സ്വാഗതം ചെയ്ത് ബിജെപി. വര്‍ഗീസിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ ജസ്റ്റിന്‍ ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയത്തെ സ്വാഗതം ചെയ്യുന്നയാളാണ് മേയര്‍. ഇടതു മുന്നണി അഞ്ച് കൊല്ലം മേയറെ കൂച്ചുവിലങ്ങിടുകയായിരുന്നു. ബിജെപിയിലേക്ക് എത്തിയാല്‍ മേയര്‍ക്ക് പാര്‍ട്ടി നേതാക്കളുമായി ആലോചിച്ച് അര്‍ഹമായ പരിഗണന നല്‍കുമെന്നും ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ വ്യക്തമാക്കി. ഇക്കുറി മത്സരിക്കാനില്ലെന്നും ഇടതു മുന്നണിക്കായി പ്രചരണത്തിന് ഇറങ്ങില്ലെന്നും മേയര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് മേയര്‍ക്കായി ബിജെപി വാതില്‍ തുറന്നത്.
"മോദി സർക്കാരിന്‍റെ വികസനങ്ങളെ അംഗീകരിക്കുന്ന ഏവരെയും ബിജെപി സ്വാഗതം ചെയ്യും. തൃശൂർ മേയർ അത്തരത്തിൽ ഒരു നിലപാട് എടുക്കുന്ന മേയറാണ്. ആ മേയറെ തീർച്ചയായും സ്വാഗതം ചെയ്യും. അദ്ദേഹത്തിന്‍റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുന്ന പ്രസ്ഥാനം ഭാരതീയ ജനതാ പാർട്ടിയാണെന്നാണ് ഞാൻ കരുതുന്നത്"- ജസ്റ്റിന്‍ ജേക്കബ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ 36 ഡിവിഷനുകളിൽ സുരേഷ് ഗോപി തൃശൂരിൽ മുന്നേറ്റം നടത്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ഭരണം പിടിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ പറയുന്നു.
ഇനി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും മേയറായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും വികസന പ്രവര്‍ത്തനങ്ങള്‍ ഒരുപാട് ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നുമാണ് എം കെ വര്‍ഗീസ് നേരത്തെ പറഞ്ഞത്. തന്‍റെ ആശയവുമായി യോജിച്ചുപോകുന്നവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചാല്‍ അവരുമായി സഹകരിക്കുമെന്നും മേയര്‍ പറഞ്ഞു. ഇപ്പോള്‍ ആരുമായും അത്തരത്തിലുള്ള ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അഞ്ച് വര്‍ഷം തന്നെ മേയറാക്കിയതില്‍ ഇടതുപക്ഷത്തോട് നന്ദിയുണ്ട്. മേയര്‍ എന്ന നിലയിലാണ് സുരേഷ് ഗോപിയുമായുള്ള ബന്ധം. തൃശൂര്‍ എംപിയായിരിക്കുന്ന കാലത്ത് ടി എന്‍ പ്രതാപന്‍ കോര്‍പറേഷന്‍റെ വികസനത്തിന് ഒരു രൂപ പോലും തന്നില്ല. അതേസമയം എംപി അല്ലാത്ത കാലത്തും കോര്‍പറേഷന്‍റെ വികസനത്തിന് സുരേഷ് ഗോപി ഒരു കോടി രൂപ നല്‍കിയതെന്നും എം കെ വര്‍ഗീസ് പറയുകയുണ്ടായി.
തുടര്‍ച്ചയായി സുരേഷ് ഗോപിയെ പിന്തുണച്ച മേയര്‍ക്കെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. മേയര്‍ക്കുള്ള പിന്തുണ പിന്‍വലിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു. കോർപറേഷന്‍ ഭരണം നിലനിര്‍ത്താന്‍ എം കെ വര്‍ഗീസിന്റെ പിന്തുണ ആവശ്യമുള്ളതിനാല്‍ കടുത്ത നടപടികളിലേക്ക് എൽഡിഎഫ് പോയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam