
കാസർകോഡ്: മഞ്ചേശ്വരത്ത് താമര വിരിയുമെന്ന് ബിജെപി കര്‍ണാടക അധ്യക്ഷൻ നളിൻ കുമാര്‍ കട്ടീൽ. പിണറായിക്കും ലീഗിനും ഒരവസരം നൽകിയാൽ മറ്റൊരു കശ്മീരായി മഞ്ചേശ്വരം മാറും. കമ്യൂണിസ്റ്റ് മുക്ത ഭാരതമാണ് വരാൻ പോകുന്നതെന്നും കട്ടീൽ പറഞ്ഞു. രാജ്യമാകെ ജനങ്ങൾ ബിജെപിക്കൊപ്പം ചേരുന്ന സാഹചര്യം ആണ് നിലവിലുള്ളത്. ഈ ഘട്ടത്തിൽ മഞ്ചേശ്വരത്തും ബിജെപി കൊടി പാറിക്കണമെന്ന് നളിൻ കുമാർ കട്ടീൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ തെക്ക് രാജഗോപാൽ ജയിച്ചതും പോലെയും കർണാടകയിൽ ബിജെപി അധികാരത്തിലെത്തിയത് പോലെയും മഞ്ചേശ്വരത്ത് ബിജെപി നേട്ടം കൊയ്യും... അബ്ദുള്ളക്കുട്ടിയെ പോലെ പലരും ബിജെപിയുടെ ഭാഗമാകും. കേരളത്തിൽ ആകെയുള്ളത് സിപിഎമ്മും ലീഗുമാണ്. ഇനി അതുണ്ടാകില്ല. അതിന് തുടക്കമാണ് മഞ്ചേശ്വരത്ത് ഉണ്ടാകാൻ പോകുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പ്രതീക്ഷ പ്രകടിപ്പിച്ചു
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നളിൻ കുമാർ കട്ടീൽ ഉന്നയിച്ചത്. നിരന്തരം കൊലപാതകങ്ങൾ കേരളത്തിൽ നടക്കുന്നുവെന്നാരോപിച്ച അദ്ദേഹം പ്രളയ സഹായം നൽകുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയെന്നും കുറ്റപ്പെടുത്തി. മോദിയെ പുകഴ്ത്താനും നേതാവ് മറന്നില്ല. ഭാരതത്തെ ലോകത്തിനു മുന്നിൽ എത്തിച്ച പ്രധാനമന്ത്രിയാണ് മോദിയെന്നായിരുന്നു പരാമർശം. ഇസ്ലാമിൽ അധിഷ്ഠിതമായ അറബ് രാജ്യത്ത് മോദി ഗണപതി ക്ഷേത്രത്തിന് തറക്കല്ലിട്ടു, സർക്ടിക്കൽസ്ട്രൈക്ക് നടത്തി, കശ്മീരിൽ 370 റദ്ദാക്കാൻ കെൽപ് കാണിച്ചത് മോദിയാണെന്നും നളീൻ കുമാർ കട്ടീൽ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam