പുറത്താക്കിയത് മാനദണ്ഡങ്ങൾ പാലിക്കാതെ; ബിജെപി പ്രവർത്തകർ തമ്മിലടിക്കുന്നത് കുഴൽപ്പണ കേസ് മൂലം:ഋഷി പൽപ്പു

By Web TeamFirst Published Jun 1, 2021, 9:59 PM IST
Highlights

ബിജെപി പ്രവർത്തകർ തമ്മിലടിക്കുന്നത് കൊടകര കുഴൽപ്പണ കേസ് കാരണമാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുഴൽപ്പണ കേസിൽ ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഋഷി പൽപ്പുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. 
 

തിരുവനന്തപുരം: ബിജെപിയിൽ നിന്ന് തന്നെ പുറത്താക്കിയത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ഒബിസി മോർച്ച പ്രസിഡന്റായിരുന്ന ഋഷി പൽപ്പു പറഞ്ഞു. ബിജെപി പ്രവർത്തകർ തമ്മിലടിക്കുന്നത് കൊടകര കുഴൽപ്പണ കേസ് കാരണമാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുഴൽപ്പണ കേസിൽ ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഋഷി പൽപ്പുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. 

ബിജെപി തൃശ്ശൂര്‍ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി വാട്സാപ്പ് കോളിലൂടെയാണ് തനിക്കെതിരെ വധഭീഷണി മുഴക്കിയത്. ഫോണിലൂടെ ഹരി അസഭ്യം പറഞ്ഞെന്നും ഋഷി പൽപ്പു ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞു. ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഹരിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.  ഹരി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് വെസ്റ്റ് പൊലീസ് കേസെടുത്തത്. പരാതി നൽകിയതിന് പിന്നാലെ ഋഷിയെ സസ്പെന്‍റ് ചെയ്തതായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. 

താന്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും തന്റെ വിശദീകരണം പോലും കേള്‍ക്കാതെയാണ് തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്നും ഋഷി പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ ഫോണിലൂടെ വിളിച്ചാണ് പുറത്താക്കിയ വിവരം അറിയിച്ചത്. കുഴല്‍പ്പണ വിവാദത്തില്‍ അണികളെ വിശ്വാസത്തില്‍ എടുക്കുന്നതില്‍ ബിജെപി ജില്ലാ നേതൃത്വം പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ഋഷി ആരോപിച്ചു. 

സംസ്ഥാന അധ്യക്ഷന്‍ തന്നെ വിളിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നോയെന്ന് ചോദിച്ചു. താന്‍ ഇട്ടുവെന്ന് മറുപടി നല്‍കി. നിങ്ങളെ ചുമതലയില്‍ നിന്ന് മാറ്റുന്നതായാണ് അദ്ദേഹം പറഞ്ഞത്. മറ്റൊന്നും പറഞ്ഞില്ല. നോട്ടീസ് നല്‍കുകയോ വിശദീകരണം ചോദിക്കുകയോ ചെയ്തില്ലെന്നും ഋഷി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്‍റെ വികാരം പങ്കുവയ്ക്കുക മാത്രമാണ് ചെയ്തത്. നേതൃത്വം തന്നോട് കാണിച്ചത് അനീതിയാണെന്നും ഋഷി കുറ്റപ്പെടുത്തി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!