ആര്‍എസ്പി ഇടത്തോട്ടെത്തുമോ?; മുന്നണി മാറ്റ ചർച്ചകളിൽ ഇടഞ്ഞ് എൻകെ പ്രേമചന്ദ്രൻ

Published : Jun 01, 2021, 07:04 PM ISTUpdated : Jun 01, 2021, 09:02 PM IST
ആര്‍എസ്പി ഇടത്തോട്ടെത്തുമോ?; മുന്നണി മാറ്റ ചർച്ചകളിൽ ഇടഞ്ഞ് എൻകെ പ്രേമചന്ദ്രൻ

Synopsis

എൽഡിഎഫ് വിട്ട് വന്ന ശേഷം ഒരംഗത്തെ പോലും നിയമസഭയിലെത്തിക്കാൻ ആര്‍എസ്പിക്ക് കഴിഞ്ഞിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിലും പ്രാതിനിധ്യം നാമമാത്രം. ശക്തി കേന്ദ്രമായ ചവറയിൽ പോലും ഇത്തവണ തോറ്റു. എന്നാൽ ആര്‍എസ്പിയിൽ നടക്കുന്ന ചര്‍ച്ചകളോട് കരുതലോടെയാണ് സിപിഎം പ്രതികരണം 

കൊല്ലം: മുന്നണി മാറ്റ ചർച്ചകളിൽ ഉള്ളുലഞ്ഞ് കേരളത്തിലെ ആര്‍എസ്പി നേതൃത്വം. ഇനിയും യുഡിഎഫിൽ തുടരുന്നത് പാർട്ടിയുടെ നിലനിൽപ്പിന് ഗുണം ചെയ്യില്ലെന്ന വികാരത്തിൽ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും എത്തിച്ചേരുകയും അതനുസരിച്ചുള്ള പ്രസ്താവനകൾ പുറത്തുവരുകയും ചെയ്ത സാഹചര്യത്തിൽ ആർഎസ്പിക്ക് അകത്ത് ഉൾപ്പോരും കനക്കുകയാണ്. ഇടതുമുന്നണിയുമായി സഹകരണത്തിന് എൻകെ പ്രേമചന്ദ്രൻ അടക്കമുള്ള ഒരു വിഭാഗം തീരെ താൽപര്യം പ്രകടിപ്പിക്കുന്നില്ലെന്നാണ് വിവരം. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംതവണയും സമ്പൂര്‍ണ പരാജയമായതോടെയാണ് യുഡിഎഫ് വിടണമെന്ന ആവശ്യം നേതാക്കള്‍ക്കിടയില്‍ ശക്തമായത്. എൽഡിഎഫ് വിട്ട് വന്ന ശേഷം ഒരംഗത്തെ പോലും നിയമസഭയിലെത്തിക്കാൻ ആര്‍എസ്പിക്ക് കഴിഞ്ഞിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിലും പ്രാതിനിധ്യം നാമമാത്രം. ശക്തി കേന്ദ്രമായ ചവറയിൽ പോലും ഇത്തവണ തോറ്റു. എന്നാൽ ആര്‍എസ്പിയിൽ നടക്കുന്ന ചര്‍ച്ചകളോട് കരുതലോടെയാണ് സിപിഎം പ്രതികരണം.

ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് വ്യക്തമാക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് ഷിബു ബേബി ജോണടക്കം നേതാക്കള്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും മുന്നണിമാറ്റം ചില നേതാക്കള്‍ ആവശ്യപ്പെട്ടു. തോറ്റയുടന്‍  മുന്നണിവിടുന്നത് രാഷ്ട്രീയമര്യാദയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉചിതസമയത്ത് തീരുമാനമെടുക്കുമെന്ന് എ എ അസീസ് പറഞ്ഞു വയ്ക്കുന്നത്. 

ജില്ലാകമ്മിറ്റിയംഗങ്ങളും മണ്ഡലം ഭാരവാഹികളുമടക്കം നേതൃനിരയിലുള്ള 500 ഓളം നേതാക്കള്‍ പങ്കെടുക്കുന്ന വിപുലയോഗം ഓഗസ്റ്റ് 9ന് കൊല്ലത്ത് വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്ലീനറി സമ്മേളനത്തിന് സമാനമായ യോഗം വിളിച്ച് ചേര്‍ക്കുന്നത് വഴി മുന്നണിമാറ്റ വിഷയം വിപുലമായ പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ചയാക്കാനുള്ള നീക്കമാണ് സംസ്ഥാന സെക്രട്ടറിയടക്കം ഒരു വിഭാഗം നേതാക്കള്‍ നടത്തുന്നത്. അതേസമയം എൻകെ പ്രേമചന്ദ്രനും കൂട്ടരും ഇതിനോട് യോജിക്കുന്നില്ല. പോരാത്തതിന് സിപിഎമ്മിന്റെ പേരെടുത്ത് പറഞ്ഞ് എൻ കെ പ്രേമചന്ദ്രൻ വിമര്‍ശിക്കുകയും ചെയ്തു.

ഏറെ താമസിക്കാതെ എന്തെങ്കിലും രാഷ്ട്രീയകാരണം പറഞ്ഞ് പാര്‍ട്ടിയെ എല്‍ഡിഎഫിലെത്തിക്കാന്‍ ഒരു വിഭാഗവും യുഡിഎഫില്‍ തുടരുന്നതാണ് നല്ലതെന്ന അഭിപ്രായത്തില്‍ പ്രേമചന്ദ്രനും ഉറച്ച് നില്‍ക്കുമ്പോള്‍ ഈ വിഷയം പാര്‍ട്ടിക്കകത്ത് വലിയൊരു തര്‍‍ക്കത്തിലേക്ക് പോകാനാണ് സാധ്യത. സിപിഎമ്മും സിപിഐയുമൊക്കെ സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കെ ആര്‍എസ്പിയുടെ മുന്നണി പ്രവേശം വരും ദിവസങ്ങളിൽ സജീവചര്‍ച്ചയുമാകും
 

PREV
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്