കണ്ണൂർ വനിതാ കോളേജിൽ എസ്എഫ്ഐ പ്രവർത്തകരെ ബിജെപിക്കാർ ഭീഷണിപ്പെടുത്തിയെന്ന് പരാതി

By Web TeamFirst Published Dec 20, 2019, 1:20 PM IST
Highlights

പെൺകുട്ടികളോട് കോളേജിന്‍റെ പടി ചവിട്ടിക്കില്ലെന്നും ജയിൽ കിടത്തുമെന്നും പറ‌ഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. 

കണ്ണൂർ: പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കണ്ണൂർ ഗവൺമെന്‍റ് വനിതാ കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. വിദ്യാർത്ഥിനികളോട് പുറത്ത് നിന്നെത്തിയ ബിജെപി പ്രവർത്തകർ കോളേജിൻ്റെ പടി ചവിട്ടിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 

ഇന്ന് രാവിലെ എട്ടരയോടെ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിലെ എസ്എഫ്ഐ പ്രവർത്തകർ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സീൽ യുവർ ബൂട്ട് ഓൺ സിഎഎ എന്ന പേരിൽ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. കോളേജിൻ്റെ ഗേറ്റിലേക്കുള്ള പാതയിൽ  അമിത് ഷായുടെ നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ പതിപ്പിച്ച് ഇതിൽ ചവിട്ടി നടന്നായിരുന്നു പ്രതിഷേധം. ഇത് പിന്നീട് ബിജെപി പ്രവർത്തകരെത്തി നീക്കം ചെയ്തു. തുടർന്ന് പത്ത് മണിയോടെ വിദ്യാർത്ഥികളെത്തി ഈ പോസ്റ്ററുകൾ പുനസ്ഥാപിച്ചു.

രണ്ടാമത് സ്ഥാപിച്ച പോസ്റ്ററുകൾ ബിജെപി പ്രവർത്തകർ എത്തി കീറി കളഞ്ഞു. പെൺകുട്ടികളോട് കോളേജിന്‍റെ പടി ചവിട്ടിക്കില്ലെന്നും ജയിൽ കിടത്തുമെന്നും പറ‌ഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. 

സംഭവത്തിൽ പ്രതിഷേധിച്ച് കോളേജിലെ എബിവിപി പ്രവർത്തകർ ഒഴികെയുള്ള എല്ലാ വിദ്യാർത്ഥി സംഘടനകളും ചേർന്ന് പ്രതിഷേധ പ്രകടനം നടത്തുകയും. നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ചിത്രങ്ങൾ കത്തിക്കുകയും ചെയ്തു. 

click me!