കേക്ക്, മോദിയുടെ ക്രിസ്മസ് സന്ദേശം,ബിജെപി നേതാക്കളും പ്രവർത്തകരും മറ്റന്നാൾ മുതൽ ക്രൈസ്തവരുടെ വീടുകളിലേക്ക്

Published : Dec 19, 2023, 11:00 AM IST
കേക്ക്, മോദിയുടെ ക്രിസ്മസ് സന്ദേശം,ബിജെപി നേതാക്കളും പ്രവർത്തകരും മറ്റന്നാൾ മുതൽ ക്രൈസ്തവരുടെ വീടുകളിലേക്ക്

Synopsis

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളുടെ വോട്ടുറപ്പാക്കാനാണ് സ്നേഹയാത്ര എന്ന പേരിൽ പത്ത് ദിവസം നീളുന്ന പരിപാടി

തിരുവനന്തപുരം:കേക്കും പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബിജെപി നേതാക്കളും പ്രവർത്തകരും വ്യാഴാഴ്ച(മറ്റന്നാൾ) മുതൽ അരമനകളിലേക്കും ക്രൈസ്തവ വിശ്വാസികളുടെ വീടുകളിലേക്കുമെത്തും. ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളുടെ വോട്ടുറപ്പാക്കാനാണ് സ്നേഹയാത്ര എന്ന പേരിൽ പത്ത് ദിവസം നീളുന്ന പരിപാടി . മണിപ്പൂർ പ്രശ്നത്തിൽ സഭക്കുള്ള എതിർപ്പ് കുറക്കൽ കൂടിയാണ് ലക്ഷ്യം

കഴിഞ്ഞ ക്രിസ്മസിനും വീട്ടിലെത്തി മധുരം നൽകി ക്രൈസ്തവ വോട്ടർമാരിലേക്കുള്ള പാലം ബിജെപി തുറന്നിട്ടിരുന്നു. ഏപ്രിൽ മാസം കൊച്ചിയിലെത്തിയ മോദി എല്ലാ സഭ മേലധക്ഷ്യന്മാരെയും നേരിൽ കണ്ട് ആ ബന്ധം ഊട്ടി ഉറപ്പിക്കാനും ശ്രമങ്ങൾ നടത്തി. എന്നാൽ മണിപ്പൂർ വിഷയത്തിൽ നഷ്ടപ്പെട്ട വിശ്വാസം കുറഞ്ഞ സമയത്തിൽ വീണ്ടെടുക്കുക എന്നതാണ് സംസ്ഥാനത്ത് ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളി.

ക്രൈസ്തവ വീടുകളിൽ കേക്കും,വസ്ത്രങ്ങളും,ക്രിസ്മസ് ന്യൂ ഇയർ കാർഡുകളും വിതരണം ചെയ്താണ് എൻഡിഎയുടെ  സ്നേഹയാത്ര. ഇതിനൊപ്പം കേന്ദ്രസർക്കാരിന്‍റെ വാഗ്ദാനങ്ങൾ നൽകി ആശങ്കകൾ പരിഹരിക്കാനുമുള്ള വേദി എന്നതാണ് എൻഡിഎ യുടെ മനസ്സിനുള്ളിൽ.ആദ്യമായാണ് ബൂത്ത് തലത്തിൽ വിപുലമായി എൻഡിഎയുടെ ഗൃഹസന്ദർശനം.പാലാ ബിഷപ്പിന്‍റെ നാർക്കോട്ടിക് ജിഹാദ് പരാമർശം ഉയർത്തിയ ചർച്ച.പിന്നാലെ കഴിഞ്ഞ ക്രിസ്മസ്സിനും ഈസ്റ്ററിനും താഴെത്തട്ടിൽ വീടുകൾ കയറിയുള്ള എൻഡിഎ സന്ദർശനത്തിന് കിട്ടിയത് മികച്ച പ്രതികരണം. റബ്ബറിന് 300 രൂപയാക്കൂ എംപി യെ തരാമെന്ന തലശ്ശേരി അതിരൂപത ബിഷപ്പ് ജോസഫ് പാംബ്ലാനിയുടെ തുറന്ന് പറച്ചിൽ നൽകിയ ആത്മവിശ്വാസം. കൊച്ചിയിൽ യുവാക്കളെ ലക്ഷ്യമിട്ട് നടത്തിയ യുവം പരിപാടി, വിവിധ സഭ മേലധക്ഷ്യന്മാരുമാരുമായി പ്രധാനമന്ത്രി നേരിട്ട് നടത്തിയ ചർച്ച.പറയാനുള്ളത് പറഞ്ഞും കേൾക്കാനുള്ളത് കേട്ടും മുന്നോട്ട് നീങ്ങിയതോടെ ബിജെപി നിലപാടിൽ സഭകൾക്കു നല്ല മാറ്റം ഉണ്ടായെന്നായിരുന്നു വിലയിരുത്തൽ.

എന്നാൽ തുടർന്ന് പൊട്ടിപ്പുറപ്പെട്ട മണിപ്പൂർ കലാപം എൻഡിഎയുടെ പ്രതീക്ഷകൾക്ക് അതിരിട്ടു. മണിപ്പൂരിൽ ബിജെപി നേതാക്കളുടെ പ്രസ്താവനകളും,സർക്കാരിന്‍റെ നിശബ്ദതയും കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന പ്രതീതി സഭക്കുള്ളിൽ ശക്തമാക്കി.ഇത് പൊളിച്ചെഴുതാനുള്ള ശ്രമങ്ങളാണ് സ്നേഹയാത്രയുടെ ഫോക്കസ്. മണിപ്പൂരിലെ ബിജെപി പ്രാദേശിക നേതാക്കളെ വരെ ഇറക്കി കേരളത്തിലെ സഭ വിശ്വാസികളോട് കാര്യങ്ങൾ ധരിപ്പിക്കാനാണ് ശ്രമം.

ഇസ്രയേൽ പലസ്തീൻ വിഷയത്തിലും സഭ നിലപാടിനൊപ്പമെന്ന സന്ദേശം വിശ്വാസികളെ സ്നേഹയാത്രവഴി ധരിപ്പിക്കും.പൂർണ്ണമായി പലസ്തീൻ അനുകൂല നിലപാടെടുക്കുന്ന യുഡിഎഫ് എൽഡിഎഫ് മുന്നണികളുടെ നിലപാടിനെ ചോദ്യം ചെയ്താകും താഴെത്തട്ടിൽ പ്രചാരണം. മധ്യപ്രദേശ്,രാജസ്ഥാൻ,ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മിന്നുന്ന തെരഞ്ഞെടുപ്പ് വിജയത്തിനും പിന്നാലെ ആത്മവിശ്വാസത്തോടെയാണ് ബിജെപി ക്രൈസ്തവ വീടുകൾ കയറാൻ ഒരുങ്ങുന്നത്. തൃ-ശൂരിൽ ജനുവരി 2 ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന മഹിള സംഗമത്തിലേക്കുള്ള ക്ഷണവും വെറുതെയാകില്ലെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ  എൻഡിഎ യുടെ ലോക്സഭാ സ്വപ്നങ്ങൾ. .

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ