ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം; മരുന്ന് എത്തിക്കാന്‍ ശ്രമിക്കുന്നതായി കോഴിക്കോട് മെഡി. കോളേജ്

By Web TeamFirst Published May 25, 2021, 7:44 AM IST
Highlights

ലൈപോസോമൽ ആംഫോടെറിസിൻ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം നേരിടുന്നത്. മരുന്ന് എത്തിക്കാനുള്ള ശ്രമം തുടരുന്നതായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. 

കോഴിക്കോട്: ബ്ലാക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നിന് സംസ്ഥാനത്ത് ക്ഷാമം. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം. 20 രോഗികള്‍ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മരുന്ന് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള പ്രധാന മരുന്നായ ലൈപോസോമല്‍ ആംഫോടെറിസിനാണ് സംസ്ഥാനത്ത് ക്ഷാമം അനുഭവപ്പെടുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്ന് സ്റ്റോക്കില്ല. ചികിത്സ മുടങ്ങാതിരിക്കാനായി ആംഫോടെറിസിന്‍ എന്ന മരുന്ന് അളവ് ക്രമീകരിച്ച് രോഗികള്‍ക്ക് നല്‍കുകയാണിപ്പോള്‍. മറ്റ് സ്ഥലങ്ങളില്‍ നിന്ന് മരുന്ന് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വൈകുന്നേരത്തോടെ 50 വയല്‍ മരുന്ന് എത്തിക്കുമെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍റെ അറിയിപ്പ് ആശുപത്രി അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.

നേരത്തെ ക്ഷാമം നേരിട്ടപ്പോള് കേരളത്തിലെ വിവിധ ഇടങ്ങളില്‍ നിന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ മരുന്ന് എത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ മരുന്ന് കിട്ടാത്ത അവസ്ഥയാണ്. കേന്ദ്രത്തോട് നേരത്തെ തന്നെ മരുന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ള ബ്ലാക്ക് ഫംഗസ് രോഗബാധിതരുടെ എണ്ണം 20 ആയി. ആറ് പേര്‍ കൂടിയാണ് പുതുതായി ചികിത്സയ്ക്ക് എത്തിയത്. ഇതില്‍ രണ്ട് പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ കാസര്‍ക്കോട് സ്വദേശിയും ഒരാള്‍ വയനാട് സ്വദേശിയുമാണ്. കൊവിഡ് രോഗത്തിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തുടരുന്നവരാണ് മറ്റ് രണ്ട് പേര്‍.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കേരളത്തിന് പുറത്ത് നിന്നും രോഗികള്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ബംഗളൂര്‍, ദില്ലി എന്നിവിടങ്ങളില്‍ നിന്ന് രോഗികള്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മരുന്ന് തീര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കാന‍് കഴിയാത്ത സ്ഥിതിയാണുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!