പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന് എതിരായ കള്ളപ്പണക്കേസ് ഇന്ന് ഹൈക്കോടതിയിൽ

By Web TeamFirst Published Dec 5, 2019, 6:30 AM IST
Highlights

ഇബ്രാഹിംകുഞ്ഞിന് ചുമതലയുള്ള സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് പാലാരിവട്ടം മേല്‍പ്പാലം പൂര്‍ത്തിയായ സമയത്ത് 10 കോടി രൂപ കള്ളപ്പണം എത്തിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

കൊച്ചി: മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണ ആരോപണവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും കക്ഷി ചേര്‍ക്കണമെന്ന് ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് നിലപാട് തേടിയിട്ടുണ്ട്. ഇബ്രാഹിംകുഞ്ഞിന് ചുമതലയുള്ള സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് പാലാരിവട്ടം മേല്‍പ്പാലം പൂര്‍ത്തിയായ സമയത്ത് 10 കോടി രൂപ കള്ളപ്പണം എത്തിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഈ സ്ഥാപനവും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 

നോട്ട് നിരോധന സമയത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ 10 കോടി രൂപ ഇബ്രഹാം കുഞ്ഞിന് ചുമതലയുള്ള സ്ഥാപനത്തിന്‍റെ അക്കൗണ്ടിൽ വന്നതിൽ അന്വേഷണം വേണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം. പാലാരിവട്ടം മേൽപ്പാലം നിർമ്മാണം പൂർത്തിയാക്കിയ ഘട്ടത്തിലാണ് പണം അക്കൗണ്ടിലേക്ക് വന്നത്. ഇതിൽ അഞ്ച് കോടി രൂപ പിന്നീട് മുൻ മന്ത്രി സ്വന്തം അക്കൗണ്ടിലൂടെ പിൻവലിച്ചതായും ഹർജിയിൽ ആരോപണം ഉണ്ട്. നിലവിൽ മേൽപ്പാലം അഴിമതിയിൽ വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് സർക്കാർ അനുമതി തേടിയിട്ടുണ്ടെന്നും അത് ലഭിച്ചാൽ ഇക്കാര്യം കൂടി അന്വേഷിക്കാൻ തയ്യാറാണെന്നുമാണ് വിജിലൻസ് നിലപാട്.

പാലാരിവട്ടം പാലം അഴിമതിക്കേസിൽത്തന്നെ ഇബ്രാഹിംകുഞ്ഞ് പ്രതിരോധത്തിലായതിനിടെയാണ് കള്ളപ്പണക്കേസിന്‍റെ കുരുക്ക്. എന്നാൽ കേസിൽ ടി ഒ സൂരജടക്കമുള്ള ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത വിജിലൻസ് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇബ്രാഹിംകുഞ്ഞിനെതിരെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങൂ എന്ന നിലപാടിലാണ്. 

click me!