
കോഴിക്കോട്: ദുബായില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിന്‍റെ ഭര്‍ത്താവ് മെഹ്നാസിനെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോഴിക്കോട് കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണാ കേസില്‍ മെഹ്നാസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണയിലാണ്. മെഹ്നാസിനെ പോക്സോ കോടതിയില്‍ ഹാജരാക്കും.
പുലര്‍ച്ചെ കാസര്‍കോട് നിന്നാണ് കോഴിക്കോട് കാക്കൂര്‍ പൊലീസ് മെഹ്നാസിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് റിഫയുടെ ബന്ധുക്കളേയും പൊലീസ് വിളിച്ചു വരുത്തി. വിവാഹസമയം റിഫയ്ക്ക് പതിനെട്ട് വയസ്സ് തികഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. ഇത് സ്ഥിരീകരിച്ചാണ് പോക്സോ കേസ് ചുമത്തി മെഹ്നാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിവാഹത്തിന് സമ്മതം നല്‍കിയിരുന്നില്ലെന്നാണ് റിഫയുടെ ബന്ധുക്കള്‍ പൊലീസിന് നല്‍കിയ വിശദീകരണം. റിഫയുടെ മരണത്തില്‍ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി മെഹ്നാസിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
റിഫ മെഹ്‍നുവിന്‍റെ ദുരൂഹ മരണം; ഭർത്താവിനെതിരെ പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു
മാർച്ച് ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്‍നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവ് ചെയ്യുകയായിരുന്നു. പിന്നീട് പെരുമാറ്റത്തിലുൾപ്പെടെ റിഫയുടെ ഭർത്താവ് മെഹ്നാസ് അസ്വാഭാവികത കാണിച്ച് തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തുടങ്ങിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍ പരാതിപ്പെട്ടതോടെയാണ് ഖബര്‍ അടക്കിയ മൃതദേഹം പുറത്തെടുത്ത് മെയ് 7ന് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. റിഫ തൂങ്ങി മരിച്ചതാണെന്നായാരുന്നു പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ കാണപ്പെട്ട അടയാളം തൂങ്ങി മരണമാണെന്ന നിഗമനം ശരിവയ്ക്കുന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ മെഹ്‍നാസിന്റെ പീഡനമാണ് റിഫയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഈ കേസിന്‍റെ അന്വേഷണത്തിനിടയിലാണ് റിഫക്ക് പ്രായപൂര്‍ത്തിയാകും മുമ്പാണ് അവരെ മെഹ്നാസ് വിവാഹം ചെയ്തതെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് മെഹ്നാസ് അറസ്റ്റിലായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam