ടാർഗറ്റ് നിശ്ചയിച്ചുള്ള എസ്ഐആർ ജോലിയുടെ സമ്മർദം, ബിഎൽഒമാർ നേരിടുന്ന വെല്ലുവിളി; സംസ്ഥാന വ്യാപകമായി പണിമുടക്കി പ്രതിഷേധം

Published : Nov 17, 2025, 07:44 PM IST
blo protest

Synopsis

കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജിന്റെ ആത്മഹത്യയെ തുടർന്ന്, കടുത്ത ജോലി സമ്മർദത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ബിഎൽഒമാർ പണിമുടക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ടാർഗറ്റ് നിശ്ചയിച്ചുള്ള ജോലിയാണ് മരണകാരണമെന്ന് സഹപ്രവർത്തകർ ആരോപിക്കുന്നു.

കണ്ണൂര്‍: കടുത്ത ജോലി സമ്മർദത്തിൽ പ്രതിഷേധിച്ചു ബിഎൽഒമാർ സംസ്ഥാന വ്യാപകമായി പണിമുടക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്കും കളക്ടറേറ്റ്കളിലേക്കും മാർച്ച്‌ നടത്തി. ഏറ്റുകുടുക്കയിൽ ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലി ബഹിഷ്കരിച്ചത്. അനീഷ് ജോർജിന്‍റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സംയുക്ത സമരസമിതി നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആക്ഷൻ കൗണസിലും, അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ആണ് പ്രതിഷേധം.

ടാർഗറ്റ് നിശ്ചയിച്ചുള്ള എസ്ഐആർ ജോലി

ടാർഗറ്റ് നിശ്ചയിച്ചുള്ള എസ്ഐആർ ജോലി വലിയ സമ്മർദമുണ്ടാക്കുന്നുവെന്ന് ബിഎൽഓമാർ സാക്ഷ്യപ്പെടുത്തുന്നു. പ്രായോഗിക ബുദ്ധിമുട്ടുകൾ അറിയിച്ചാലും എങ്ങനെയെങ്കിലും തീർക്കാനാണ് മറുപടി. ബിഎൽഒമാർക്ക് ടാർഗറ്റ് സമ്മർദമുണ്ടെന്ന് തെളിയിക്കുന്ന ശബ്‍ദസന്ദേശവും ഇന്ന് പുറത്തുവന്നു. വോട്ടറെ കണ്ടെത്തുന്നത് മുതൽ ഫോം പൂരിപ്പിച്ച് വാങ്ങി, അപ്‍ലോഡ് ചെയ്യുന്നത് വരെ ഒരു ബൂത്ത് ലെവൽ ഓഫീസർ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്.

എസ്ഐആറിന് എന്യൂമറേഷൻ ഫോം വീടുകളിലെത്തി നൽകി വോട്ടർമാരിൽ നിന്ന് പൂരിപ്പിച്ച് വാങ്ങി വിവരങ്ങൾ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യുന്ന ജോലി ബിഎൽഒമാർക്കാണ്. മൂന്ന് തവണ വീട് കയറണം. അറുനൂറ് മുതൽ 1500 വരെ വോട്ടർമാരെ ഒരു ബിഎൽഒ കൈകാര്യം ചെയ്യണം. ഫോം വിതരണം ചെയ്ത് തിരികെ വാങ്ങാനുള്ളത് ഒരു മാസം സമയമാണ്. 2002ലെ വോട്ടർ പട്ടികയുമായി വീടുകളിലേക്കിറങ്ങുമ്പോൾ ബിഎൽഒമാർ നേരിടുന്നത് പല തരം വെല്ലുവിളികളാണ്.

കോൺഗ്രസ് ആരോപണം

കണ്ണൂർ പയ്യന്നൂരിലെ ബിഎൽഒ അനീഷ് ജോർജിന്‍റെ ആത്മഹത്യക്ക് പിന്നിൽ സിപിഎം പ്രാദേശിക നേതാക്കൾ ആണെന്നാണ് കോൺഗ്രസ് ആരോപണം. സിപിഎം ഭീഷണിയും ജോലി സമ്മർദ്ദവും ആണ് മരണ കാരണമെന്നും ആത്മഹത്യയിൽ ഗൗരവമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. പ്രാദേശിക സിപിഎം നേതാക്കൾ അനീഷിനെ ഭീഷണിപ്പെടുത്തി. എസ്ഐആർ പ്രവർത്തനങ്ങളിൽ ബിഎൽഒമാർ നേരിടുന്ന ദുരിതം തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി പഠിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

സിപിഎം പ്രതികരണം

പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. ബൂത്ത് ലെവല്‍ ഓഫീസർമാർക്ക് അതികഠിനമായ ജോലി ഭാരമുണ്ടെന്നും ഒരാളുടേയും വോട്ടവകാശം ഇല്ലാതാകരുത്, സർക്കാരും രാഷ്ട്രീയ പാർട്ടികളും നിയമ പോരാടാടത്തിലാണ്. ബിഎൽഒയുടെ മരണത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദം എന്ന അരോപണം അസംബന്ധമാണ്, ഈ ആരോപണം ബിജെപിയെ സഹായിക്കാനാണ്. പ്രതിപക്ഷ നേതാവ് അടക്കം ചെയ്യുന്നത് അത്തരം സഹായമാണ് എന്നും എം വി ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷം ബിജെപിയെ സഹായിക്കുകയാണ് പ്രതിപക്ഷ നേതാവിന്‍റെ അജണ്ടയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും ആരോപിച്ചു. അനീഷിന്‍റെ അച്ഛൻ തന്നെ ജോലി സമ്മർദം ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്, പിതാവ് പറഞ്ഞത് വിഡി സതീശന് വിശ്വസിക്കാൻ ആകില്ലേ? എങ്ങനെയെങ്കിലും മരണം സിപിഎമിന്‍റെ പെടലിക്ക് ഇടാനാണ് സതീശന്‍റെ ശ്രമം. കേരളത്തിലെ പ്രതിപക്ഷ നേതാവിന് രാഹുൽ ഗാന്ധി പറയുന്നതല്ല ആർഎസ്എസ് പറയുന്നതാണ് പഥ്യം എന്നും കെകെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.

നോവോർമയായി അനീഷ് ജോർജ്

പയ്യന്നൂർ ഏറ്റുകുടുക്ക സ്വദേശിയായ ബിഎൽഒ അനീഷ് ജോർജിൻ്റെ മൃതദേഹം സംസ്ക്കരിച്ചു. പള്ളിമുക്ക് ലൂർദ് മാതാ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ ആയിരുന്നു ചടങ്ങുകൾ. ജീവിതത്തിലെ നാനാതുറകളിൽ ഉള്ളവർ അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലും പള്ളിയിലും എത്തിയിരുന്നു. രാജ് മോഹൻ ഉണ്ണിത്താൻ എംപി, പയ്യന്നൂർ എംഎൽഎ മധുസൂദനൻ, സിപിഎം നേതാവ് ഇ പി ജയരാജൻ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്