കുട്ടനാട്ടുകാര്‍ക്ക് ആശ്വാസം; കെഎസ്ആര്‍ടിസിക്ക് പുറമെ ബോട്ട് സര്‍വ്വീസുകളും തുടങ്ങി

By Web TeamFirst Published May 20, 2020, 11:05 AM IST
Highlights

കൊവിഡ് നി‍ർദേശങ്ങൾ പാലിച്ചാണ് യാത്ര. ജീവനക്കാരും യാത്രക്കാരും മാസ്കുകൾ ധരിക്കണം. കൃത്യമായ ഇടവേളകളിൽ ബോട്ടുകൾ അണുവിമുക്തമാക്കും. മിനിമം ടിക്കറ്റ് നിരക്ക് ആറിൽ നിന്ന് എട്ടു രൂപയായി ഉയർത്തിട്ടുണ്ട്.

ആലപ്പുഴ: കെഎസ്ആർടിസിക്ക് പുറമെ സംസ്ഥാനത്ത് ബോട്ട് സർവീസുകളും തുടങ്ങി. ആലപ്പുഴയിൽ ജലഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന കുട്ടനാട്ടുകാർക്ക് അടക്കം ബോട്ട് സർവീസുകൾ തുടങ്ങിയത് വലിയ ആശ്വാസമായി. ഒന്നരമാസത്തിന് ശേഷമാണ് വേമ്പാനാട്ടു കായലിലൂടെ വീണ്ടും ബോട്ടുകൾ ഓടി തുടങ്ങിയത്.

ലോക്ക്ഡൗൺ വന്നശേഷം ചെറുവള്ളങ്ങളെ മാത്രം ആശ്രയിച്ചിരുന്ന കുട്ടനാട്ടുകരുടെ ദുരവസ്ഥയ്ക്കം ഇതോടെ അല്‍പ്പം ആശ്വാസം ലഭിച്ചു.  ആദ്യദിനം ബോട്ടുകളിൽ  തിരക്ക് കുറവായിരുന്നു. കൊവിഡ് നി‍ർദേശങ്ങൾ പാലിച്ചാണ് യാത്ര. ജീവനക്കാരും യാത്രക്കാരും മാസ്കുകൾ ധരിക്കണം. കൃത്യമായ ഇടവേളകളിൽ ബോട്ടുകൾ അണുവിമുക്തമാക്കും. മിനിമം ടിക്കറ്റ് നിരക്ക് ആറിൽ നിന്ന് എട്ടു രൂപയായി ഉയർത്തിട്ടുണ്ട്.

രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകൾ ഓടിത്തുടങ്ങിയത്.  രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് കെഎസ്ആർടിസിയുടെ ജില്ലകൾക്കുള്ളിലെ ഓർഡിനറി സർവീസ്. ഒരു ബസിൽ മൊത്തം സീറ്റിന്‍റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുക.  ആലപ്പുഴയില്‍ സര്‍വ്വീസ് നടത്തുന്നത് 122 കെഎസ്ആര്‍ടിസി ബസുകളാണ്. കോട്ടയത്ത് നിന്ന് 102 ബസുകള്‍ സർവീസ് നടത്തും. ഇതില്‍ 21 എണ്ണം ചങ്ങനാശ്ശേരിയില്‍ നിന്നാണ്.

ആദ്യ സർവീസ് ഈരാറ്റുപേട്ടയിലേക്കും മെഡിക്കൽ കോളേജിലേക്കും ആയിരുന്നു. തൃശൂർ ജില്ലയിൽ  92 കെഎസ്‍ആർടിസി ബസുകളാണ് ഓടുന്നത്. ചാലക്കുടി, മാള, കൊടുങ്ങല്ലൂർ, പുതുക്കാട്, ഗുരുവായൂർ, ഇരിഞ്ഞാലക്കുട എന്നിവയാണ് പ്രധാന റൂട്ടുകൾ.  ഒരോ യാത്രയ്ക്കും ശേഷം അതാത് ഡിപ്പോകളിൽ ബസ് അണുവിമുക്തമാകും. മാസ്ക്കും ഗ്ലൗസും അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ബസിലെ ജീവനകാർക്ക് നൽകും.

കൊല്ലം ജില്ലയിൽ 200 ല്‍ അധികം കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. കൊല്ലം ഡിപ്പോയിൽ നിന്നും 30 ബസുകൾ നിരത്തിൽ ഇറങ്ങും. ആവശ്യക്കാർ കൂടുതലായി എത്തിയാൽ കൂടുതൽ സർവീസുകൾ നടത്തുമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എസ് മെഹബൂബ് അറിയിച്ചു. പത്തനംതിട്ടയിൽ കെഎസ്ആര്‍ടിസി 78 സർവ്വീസുകൾ നടത്തുന്നുണ്ട്. പത്തനംതിട്ട 13, റാന്നി 5, കോന്നി 6, മല്ലപ്പള്ളി 16, പത്തനാപുരം 8, അടൂർ 14, പന്തളം 5, ചെങ്ങന്നൂർ 7 ,തിരുവല്ല 19 എന്നിങ്ങനെയാണ് ഡിപ്പോ തിരിച്ചുള്ള കണക്ക്.

click me!