
കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിക്കുമോ എന്ന് ഇന്നറിയാം. ബോബിയുടെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്.
ഹണി റോസിന്‍റെ പരാതി; രാഹുൽ ഈശ്വറിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ പൊലീസിന്‍റെ നിലപാട് തേടി ഹൈക്കോടതി
ബോബിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ ആവശ്യപ്പെടും. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിക്കുക ആയിരുന്നെന്നും പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചെന്നും പ്രോസിക്യൂഷൻ അറിയിക്കും. എന്നാൽ അത്ര ഗുരുതരമായ ആരോപണങ്ങളല്ല തനിക്കെതിരെ ഉളളതെന്നും പൊലീസ് ചോദ്യം ചെയ്യൽ അവസാനിച്ചതിനാൽ ജാമ്യം നൽകണമെന്നുമാകും ബോബി ചെമ്മണ്ണൂരിന്‍റെ ആവശ്യം. നടിയോട് മോശമായി പെരുമാറിയിട്ടില്ല. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നുമുള്ള വാദങ്ങളാണ് വെള്ളിയാഴ്ച ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിൽ ഉന്നയിച്ചത്.
എന്നാൽ അടിയന്തരമായി ഹർജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച ശേഷമാണ് ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. ഇതിനിടെ പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. സമാന കുറ്റവും പരാമർശങ്ങളും ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. മറുപടി പറയാൻ സർക്കാരിന് സമയം നൽകിയ ശേഷമാണ് കോടതി ഹർജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.
അതിനിടെ നടി ഹണിറോസിന്‍റെ പരാതിയിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യപേക്ഷയിൽ ഹൈക്കോടതി പൊലിസിന്‍റെ നിലപാട് തേടിയിട്ടുണ്ട്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഈ മാസം 27 ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. രാഹുലിന്‍റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. എന്നാൽ ഹർജിക്കാരനെതിരെ നിലവിൽ കേസ് ഇല്ലെന്നും അതിനുളള സാധ്യത മുന്നിൽക്കണ്ടാണ് കോടതിയെ സമീപിച്ചതെന്നുമാണ് അഭിഭാഷകൻ അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam