
കൊച്ചി: നടി ഹണി റോസിന്‍റെ ലൈംഗികാധിക്ഷേ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തശേഷമുള്ള വൈദ്യ പരിശോധന പൂര്‍ത്തിയായി. കോടതിയിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് വൈദ്യ പരിശോധന. എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ബോബി ചെമ്മണ്ണൂരുമായി പൊലീസ് വാഹനം കാക്കനാട്ടെ ജയിലിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ബോബിക്കൊപ്പം ഉണ്ടായിരുന്ന ആളുകള്‍ പ്രതിഷേധിച്ചു. പൊലീസ് വാഹനം തടഞ്ഞായിരുന്നു പ്രതിഷേധം. ആശുപത്രിക്ക് മുന്നിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയെന്ന് ബോബി ചെമ്മണ്ണൂര്‍; ചെയ്തത് ഗുരുതര കുറ്റമെന്ന് പ്രോസിക്യൂഷൻ
ഇതേ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയണ്ടായി. പൊലീസ് വാഹനം തടഞ്ഞെങ്കിലും പൊലീസ് ബോബി ചെമ്മണ്ണൂരുമായി കാക്കനാട്ടെ ജയിലിലേക്ക് പുറപ്പെട്ടു. പൊലീസിന്‍റെ ഗുണ്ടായിസമാണ് ആശുപത്രിയിലും പുറത്തും നടന്നതെന്നും ശരിക്കും പരിശോധന നടത്തിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായിട്ടും നെഞ്ചുവേദന ഉണ്ടെന്ന് പറഞ്ഞിട്ടും കൃത്യമായി പരിശോധിക്കാൻ തയ്യാറായില്ലെന്നും ജയിലിൽ വെച്ച് പരിശോധിക്കുമെന്നായിരുന്നു പൊലീസ് അറിയിച്ചതെന്നും പ്രതിഭാഗം അഭിഭാഷകൻ ശ്രീകാന്ത് ആരോപിച്ചു. പൊലീസ് മനപൂര്‍വം പ്രശ്നം ഉണ്ടാക്കുകയായിരുന്നുവെന്നും അഭിഭാഷകൻ ആരോപിച്ചു.
അതേസമയം, ബോബി ചെമ്മണ്ണൂരിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും എക്സറേ, ഇസിജി, ഓക്സിജൻ ലെവൽ, ബ്ലഡ് പ്രഷര്‍ എന്നിവ സാധാരണ നിലയിലായണെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. ബോബി ചെമ്മണ്ണൂര്‍ ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞു. എന്നാൽ പരിശോധനയിൽ ബോബി ചെമ്മണ്ണൂരിന് മറ്റു പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ലൈംഗികാതിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിന് തിരിച്ചടിയായത് ഹണി റോസ് നൽകിയ നിർണായക രഹസ്യ മൊഴി
പ്രതിഷേധക്കാരെ മറികടന്നാണ് പൊലീസ് ജീപ്പ് ആശുപത്രിയിൽ നിന്ന് കാക്കനാട്ടെ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ബോബി ചെമ്മണ്ണൂരിന് കൃത്യമായ പരിശോധന നടത്തിയില്ലെന്നും പൊലീസിന്‍റെ പകപോക്കലാണ് നടന്നതെന്നും നാളെ തന്നെ റിമാന്‍ഡ് നടപടിക്കെതിരെ അപ്പീൽ നൽകുമെന്നും അഭിഭാഷകൻ പറഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്‍റെ പ്രതികരണം.ഹണി റോസിനെ ആളുകൾ തെറ്റിദ്ധരിപ്പിച്ചതാണ്, ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam