തൃശൂർ മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിതരുടെ മൃത​ദേഹങ്ങൾ മാറി നൽകി

By Web TeamFirst Published Jan 27, 2022, 6:36 PM IST
Highlights

മൃതദേഹം മാറിപ്പോയെന്ന് മനസ്സിലായതോടെ ആശുപത്രി സൂപ്രണ്ടും ഉദ്യോഗസ്ഥരും സഹദേവൻ്റെ വീട്ടിലെത്തിയെങ്കിലും അതിനോടകം സെബാസ്റ്റ്യൻ്റെ മൃതദേഹം ദഹിപ്പിച്ചിരുന്നു. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. 

തൃശ്ശൂർ: കൊവിഡ് ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ മാറി നൽകി. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് സംഭവം. ചേറ്റുവ സ്വദേശി സഹദേവൻ്റേയും വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശി സെബാസ്റ്റ്യൻ്റേയും മൃതദേഹങ്ങളാണ് പരസ്പരം മാറിയത്. 

സഹദേവനാണെന്ന് കരുതി സെബാസ്റ്ററ്റ്യൻ്റെ മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കൾ മൃതദേഹം ദഹിപ്പിച്ചു.  മൃതദേഹം മാറി നൽകിയെന്ന് വ്യക്തമായതോടെ സഹദേവൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സെബാസ്റ്റ്യൻ്റെ മൃതദേഹം ദഹിപ്പിച്ചതിനാൽ അദ്ദേഹത്തിൻ്റെ ചിതാഭസ്മം ബന്ധുക്കൾക്ക് നൽകും. സംഭവത്തിൽ വീഴ്ച്ച വരുത്തിയ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. 

സെബാസ്റ്റ്യന് 58 വയസ്സും സഹദേവന് 89 വയസ്സുമാണ് പ്രായം. ഇന്ന് രാവിലെയാണ് സെബാസ്റ്റ്യനും സഹദേവനും മരിച്ചത്. ഉച്ചയോടെ സെബാസ്റ്റ്യൻ്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ മാത്രമാണ് മൃതദേഹങ്ങൾ മാറിപ്പോയി എന്ന വിവരം അറിയുന്നത്. ഇതോടെ ആശുപത്രി സൂപ്രണ്ടും മറ്റു ഉദ്യോഗസ്ഥരും സഹദേവൻ്റെ വീട്ടിലേക്ക് എത്തിയെങ്കിലും അതിനോടകം ചിതയ്ക്ക് തീ കൊളുത്തിപോയിരുന്നു. 

മൃതദേഹങ്ങൾ മാറിപ്പോയെന്ന് അറിഞ്ഞതോടെ സ്ഥലത്ത് വലിയ വാക്കേറ്റവും സംഘർഷാവസ്ഥയുമായി. അവസാനം ചിതാഭസ്മം എങ്കിലും വിട്ടുതരണമെന്ന് സെബാസ്റ്റ്യൻ്റെ ബന്ധുക്കൾ നിലപാട് എടുത്തു. ഇതു സഹദേവൻ്റെ വീട്ടുകാർ അംഗീകരിച്ചതോടെ ചേറ്റുവയിലെ സഹദേവൻ്റെ വീട്ടിലെത്തി സെബാസ്റ്റ്യൻ്റെ ബന്ധുക്കൾ ചിതാഭസ്മം ഏറ്റുവാങ്ങി. വൈകുന്നേരത്തോടെ സഹദേവൻ്റെ മൃതദേഹം ചേറ്റുവയിലേക്ക് കൊണ്ടു പോയി. 

click me!