ജീവനൊടുക്കിയ ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു, ആത്മഹത്യാകുറിപ്പിൽ പേരുള്ള സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തില്ല

By Web TeamFirst Published Sep 28, 2022, 10:07 PM IST
Highlights

പെരുനാട്ടിൽ ആത്മഹത്യ ചെയ്ത സിപിഎം പ്രവർത്തകൻ ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

പത്തനംതിട്ട: പെരുനാട്ടിൽ ആത്മഹത്യ ചെയ്ത സിപിഎം പ്രവർത്തകൻ ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു. മഠത്തുംമൂഴിയിലെ വീട്ടിലായിരുന്നു സംസ്കാര ചടങ്ങുകൾ. ബിജെപി നേതാവ് കുമ്മനം രാജശേഖരൻ അടക്കമുള്ളവർ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തു. അതേസമയം ബാബുവിന്റെ ആത്മഹത്യാക്കുറിപ്പിൽ  പരാമർശിച്ചിരുന്ന സിപിഎം നേതാക്കൾക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. ആത്മഹത്യാക്കുറിപ്പിന്റെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം നടപടികൾ സ്വീകരിക്കുമെന്നാണ് പോലീസിന്റെ വിശദീകരണം.

ബാബുവിന്റെ ആത്മഹത്യാ കുറിപ്പിലാണ് ആരോപണങ്ങളുള്ളത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി എസ് മോഹനൻ അടക്കം മൂന്നു നേതാക്കൾക്കെതിരെയാണ് ആരോപണം. പി എസ് മോഹനന് പുറമെ ലോക്കൽ സെക്രട്ടറി റോബിൻ കെ തോമസ്, പഞ്ചായത്ത് അംഗം എൻഎസ് ശ്യം എന്നിവർക്കെതിരെയാണ് ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാക്കുറിപ്പിൽ ഉള്ളത്. വീടിനോട് ചേർന്നുള്ള റബ്ബർ തോട്ടത്തിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് മുറിയിലെ ഡയറിയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

ഞാനൊരു സിപിഎം പ്രവർത്തകൻ ആണെന്ന് തുടങ്ങുന്ന ആത്മഹത്യാക്കുറിപ്പിൽ നേതാക്കൾ നിരന്തരമായി ശല്യം ചെയ്തതാണ് മരണത്തിന് കാരണമെന്ന് പറയുന്നു. ബാബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പഞ്ചായത്തിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് വിട്ടുകൊടുക്കാത്തതാണ് തർക്കങ്ങളുടെ തുടക്കം. വർഷങ്ങൾക്കു മുമ്പ് ബാബുവിന്റെ അച്ഛൻ നൽകിയ സ്ഥലത്താണ് നിലവിൽ കാത്തിരിപ്പ് കേന്ദ്രം ഉള്ളത്. എന്നാൽ ശൗചാലയവും വായനശാലയയും അടക്കമുള്ള പുതിയ കത്തിരിപ്പ് കേന്ദ്രത്തിന് കൂടുതൽ സ്ഥലം വിട്ടു നൽകണമെന്ന് സിപിഎം നേതാക്കൾ ആവശ്യപ്പെട്ടു. 

ബാബു ഇതിന് തയ്യാറായില്ല.ബാബുവിന്റെ അനുവാദം പോലും ഇല്ലാതെ പഞ്ചായത്തിൽ നിന്ന് സ്ഥലം അളക്കാനെത്തി. നിർമ്മാണത്തിനുള്ള സാമഗ്രികളും ഇറക്കി. ഇത് എതിർത്തതോടെ പലവിധത്തിൽ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് ആത്മഹത്യാക്കുറിപ്പിൽ ആരോപണങ്ങൾ. നേതാക്കളെ ഭയന്ന് പരാതി കൊടുക്കാൻ പോലും മടിച്ചെന്നും കുറിപ്പിലുണ്ട്.കത്തിലുള്ളത് ബാബുവിന്റെ തന്നെ കയ്യക്ഷരം ആണെന്ന് ഭാര്യ കുസ്മ കുമാരി ഉറപ്പാക്കിയിരുന്നു. ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങൾ സംബന്ധിച്ച് സമഗ്രാന്വേഷണം എന്നാവശ്യപ്പെട്ട കുസുമകുമാരി പെരുന്നാട് പോലീസിൽ പരാതി നൽകുകയും ചെയ്തു.

Read more: അവിഹിത ബന്ധത്തിനൊടുവിൽ അരുംകൊല, യുവാവിനെ കൊന്ന് കനാലിൽ തള്ളിയത് ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന്

ആരോപണ വിധേയരായ പി എസ് മോഹനൻ മൂന്നുലക്ഷം രൂപയും റോബിനും ശ്യാമും ഓരോ ലക്ഷം രൂപ വീതവും ആവശ്യപ്പെട്ടെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. ഒപ്പം സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ 20 ലക്ഷം രൂപ ഡിപ്പോസിറ്റ് ചെയ്യണമെന്നും പറഞ്ഞു. എന്നാൽ ആത്മഹത്യാക്കുറിപ്പിലെ പരാമർശങ്ങൾ മുഴുവൻ പൂർണമായും തള്ളുകയായിരുന്നു ആരോപണ വിധേയരായ നേതാക്കൾ. 

click me!