തലശേരിയിൽ നിന്ന് പത്തനംതിട്ടയ്ക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്, റിസർവ് ചെയ്ത യാത്രക്കാരനെ കയറ്റാതെ പോയതായി പരാതി. താമരശേരിയിൽ ബസ് കാത്തുനിന്ന ഷൊർണൂർ സ്വദേശി ഇർഷാദാണ് രാത്രിയിൽ പെരുവഴിയിലായത്.   

കോഴിക്കോട്: റിസർവ് ചെയ്ത് കാത്തിരുന്ന യാത്രക്കാരെ കയറ്റാതെ കെഎസ്ആർടിസി ബസ് പോയി. തലശേരിയിൽ നിന്ന് പത്തനംതിട്ടയ്ക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് യാത്രക്കാരെ രാത്രിയിൽ പെരുവഴിയിലാക്കിയത്. സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ പരാതിയുമായി ഷൊർണൂർ സ്വദേശി ഇർഷാദ് രംഗത്തെത്തി. താമരശേരിയിൽ നിന്ന് ഷൊർണൂരിലേക്കാണ് ഇർഷാദ് ടിക്കറ്റെടുത്തത്. ഭാര്യയും മകനും ഇർഷാദിനൊപ്പം ഉണ്ടായിരുന്നു. താമരശേരി പുതിയ ബസ് സ്റ്റാൻ്റിൽ ബസ് കാത്തിരിക്കുകയായിരുന്നു ഇവർ. എന്നാൽ ബസ് പുതിയ സ്റ്റാൻ്റിൽ കയറാതെ പഴയ സ്റ്റാൻ്റിൽ നിന്ന് ആളുകളുമായി താമരശേരി കടന്ന് പോയി. ഇതോടെ ഇർഷാദ് താമരശേരി ഡിപ്പോയിൽ പരാതി നൽകി. എന്നാൽ ഇവിടെ നിന്ന് ഷൊർണൂരേക്ക് ബസുണ്ടായിരുന്നില്ല. താമരശേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്കുള്ള ബസിൽ പെരിന്തൽമണ്ണ വരെ യാത്ര ചെയ്യാൻ ഇർഷാദിന് ഡിപ്പോയിൽ നിന്ന് സ്ലിപ്പ് നൽകി. സംഭവത്തിൽ ഗതാഗത മന്ത്രിക്ക് പരാതി നൽകുമെന്ന് ഇർഷാദ് വ്യക്തമാക്കി.