നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ദില്ലിയിലെത്തിച്ചു: സംസ്‍കാരം നാളെ

By Web TeamFirst Published Jan 23, 2020, 2:54 PM IST
Highlights

തിരുവനന്തപുരം സ്വദേശി പ്രവീണിന്‍റേയും കുടുംബത്തിന്‍റേയും മൃതദേഹങ്ങള്‍ ഇന്ന് ദില്ലിയില്‍ എത്തിക്കും. 

ദില്ലി: നേപ്പാളിലെ റിസോര്‍ട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എട്ട് പേരുടേയും മൃതദേഹങ്ങള്‍ ദില്ലിയിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി പ്രവീണിന്‍റേയും കുടുംബത്തിന്‍റേയും മൃതദേഹങ്ങളാണ് ആദ്യം ദില്ലിയില്‍ എത്തിച്ചത്. ഇന്ന് രാത്രി പത്തരയ്ക്കുള്ള വിമാനത്തില്‍ മൃതദേഹങ്ങള്‍ തിരുവനന്തപുരത്ത് കൊണ്ടു വരും. ഇന്ന് രാത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ നാളെ രാവിലെ ചെങ്ങോട്ടുകോണത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും. 

ഉച്ചയോടെയാണ്  കോഴിക്കോട് സ്വദേശി രഞ്ജിതിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ കാഠ്മണ്ഡുവിൽ നിന്ന് ദില്ലിയില്‍ എത്തിച്ചത്. ഇന്ന് ദില്ലിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ നാളെ ഉച്ചയോടെയാകും കോഴിക്കോടെത്തിക്കുക. രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും ഇന്നലെ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള സാമ്പത്തിക സഹായം നൽകാനാകില്ലെന്ന് പറഞ്ഞ് ഇന്ത്യൻ എംബസ്സി കയ്യൊഴിഞ്ഞ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. വാർത്തക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് നോർക്ക വഴി പണം നൽകാമെന്ന ഉറപ്പ് നൽകിയത്.

കാഠ്മണ്ഡുവിൽ നിന്ന‌് 60 കിലോമീറ്റർ അകലെയുള്ള ദമനിലെ റിസോർട്ടിലാണ് കുട്ടികളടക്കമുള്ള എട്ടുപേർ കഴിഞ്ഞ ദിവസം മരിച്ചത്. തണുപ്പകറ്റാൻ ഉപയോഗിച്ച ഹീറ്റർ തകരാറിലായതാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീൺ കുമാർ നായർ, ഭാര്യ ശരണ്യ(34), മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരും  കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകൻ രണ്ടുവയസ്സുകാരൻ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്. രഞ്ജിത് കുമാര്‍-ഇന്ദു ദമ്പതികളുടെ ഒരു കുട്ടി മറ്റൊരു മുറിയിലായതിനാൽ രക്ഷപ്പെട്ടു. ദമാനിൽ ഇവർ താമസിച്ചിരുന്ന എവറസ്റ്റ് പനോരമ റിസോർട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി ഒമ്പതരക്കാണ് 15 മലയാളി വിനോദ സഞ്ചാരികൾ നേപ്പാളിലെ ദമാനിലെ റിസോര്‍ട്ടിൽ മുറിയെടുത്തത്. ഇതിൽ എട്ടുപേര്‍ ഒരു സ്വീട്ട് റൂമിൽ തങ്ങി. കടുത്ത തണുപ്പായതിനാൽ ജനലുകളും വാതിലുകളും അടച്ചിട്ട് ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. രാവിലെ ഒപ്പമുണ്ടായിരുന്നവർ ഇവരെ വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇവർ ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടത്. മുറികൾ തുറന്ന് നോക്കിയപ്പോഴാണ് എട്ടുപേരും അബോധാവസ്ഥയിലാണെന്ന് കണ്ടത്.  ഹെലികോപ്റ്റര്‍ മാര്‍ഗം ഇവരെ കാഠ്മണ്ഡുവിലെ ഹാംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിനുമുമ്പേ എട്ടുപേരും മരിച്ചിരുന്നു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വാസം മുട്ടിയാണ് എട്ടുപേരും മരിച്ചതെന്നാണ് പ്രാഥമിക വിവരം.

click me!