'നിലപാട് മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തകരുടെ വികാരമാകം'; പി മോഹനന്‍റെ നിലപാടില്‍ പ്രതീക്ഷയെന്ന് അലന്‍റെ അമ്മ

By Web TeamFirst Published Jan 23, 2020, 2:20 PM IST
Highlights

പ്രവര്‍ത്തകരുടെ വികാരമാകാം നിലപാട് മാറ്റത്തിന് പിന്നിലെന്നും സബിത ശേഖര്‍ 

കോഴിക്കോട്: അലൻ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്ന് പറയാനാകില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍റെ നിലപാട് പ്രതീക്ഷ നല്‍കുന്നതെന്ന് അലന്‍റെ അമ്മ സബിത. പ്രവര്‍ത്തകരുടെ വികാരമാകാം നിലപാട് മാറ്റത്തിന് പിന്നിലെന്നും സബിത ശേഖര്‍ പറഞ്ഞു. പന്തീരങ്കാവിൽ യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും സിപിഎം അംഗങ്ങൾ തന്നെയെന്നും ഇരുവരും മാവോയിസ്റ്റുകളാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നുമായിരുന്നു പി മോഹനന്‍റെ പ്രതികരണം. 

ജയിലിലായതിനാൽ ഇരുവരുടെയും ഭാഗം കേട്ടിട്ടില്ല. അങ്ങനെ കേൾക്കാതെ ഒരു നിഗമനത്തിലും എത്തില്ലെന്നും പി ജയരാജൻ പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പി മോഹനൻ വ്യക്തമാക്കി. ഇരുവരും മാവോയിസത്തിന്‍റെ സ്വാധീനത്തിൽ പെട്ട് പോയിട്ടുണ്ടെങ്കിൽ തിരുത്തി എടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം ഇപ്പോൾ. അത്തരം സ്വാധീനത്തിൽ പെട്ട് പോയിട്ടുണ്ടോ എന്ന് സിപിഎം ഇപ്പോഴും പരിശോധിച്ചു വരികയാണെന്നും പി മോഹനൻ പറഞ്ഞു. 

അലനും താഹയും മാവോയിസ്റ്റുകൾ തന്നെയാണെന്നായിരുന്നു മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞത്. ചായ കുടിക്കാൻ പോയപ്പോഴല്ല അവരെ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത് വൻ വിവാദമായിരുന്നു. അലനും താഹയ്ക്കും എതിരെ കടുത്ത വിമർശനവുമായി പി ജയരാജൻ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെ കോഴിക്കോട്ടെ പാർട്ടി ജില്ലാ നേതൃത്വം തന്നെ ഇവർക്ക് പിന്തുണയുമായി രംഗത്തെത്തുമ്പോൾ, അത് പാർട്ടിയിലെ രണ്ട് നിലപാടിന് പ്രത്യക്ഷമായ തെളിവാകുകയാണ്.



 

click me!