
ആലപ്പുഴ : ആറന്മുളയിൽ പമ്പയാറ്റിൽ മരാമൺ കൺവെൻഷൻ കഴിഞ്ഞ് മടങ്ങും വഴി ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ യുവാവിന്റെയും മൃതദേഹവും കിട്ടി. ചെട്ടികുളങ്ങര സ്വദേശി എബിൻ മാത്യുവിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് സ്കൂബാ ടീം കണ്ടെത്തിയത്. അപകടത്തിൽ മരിച്ച മെറിന്റെയും മെഫിന്റെയും മൃതദേഹങ്ങൾ ഇന്നലെ തന്നെ ലഭിച്ചിരുന്നു.
മെറിന്റെയും മെഫിന്റെയും മൃതദേഹം ലഭിച്ച സ്ഥലത്ത് നിന്നും 10 മീറ്റർ മാറിയാണ് എബിൻ മാത്യുവിന്റെ മൃതദേഹവുമുണ്ടായിരുന്നത്. 30 അടിയോളം ആഴമുള്ള സ്ഥലത്താണ് മൂന്നുപേരും അകപ്പെട്ടത്. രാവിലെ സ്കൂബാ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Read more മേൽവിലാസമെഴുതിയ കടലാസ് മാലിന്യക്കൂനയിൽ, പിഴ പതിനായിരം; വെട്ടിലായി കോട്ടയം സ്വദേശി
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം എബിൻ മാത്യുവിന്റെ മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കോഴഞ്ചേരി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മെറിന്റെയും മെഫിന്റെയും മൃതദേഹങ്ങൾ രാവിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മെറിന്റെയും മെഫിന്റെയും സംസ്ക്കാരം നാളെ നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് കണ്ണമംഗലം സെന്റ് ആൻഡ്രൂസ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ. മരാമൺ കൺവെൻഷനിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം ആറൻമുള പരപ്പുഴക്കടവിൽ കുളിക്കാനിറങ്ങിപ്പോഴാണ് അപകടത്തിൽ പെട്ടത്.