
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം. പയ്യന്നൂരിലെ ആർഎസ്എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് അക്രമം നടന്നത്. ബോംബേറിൽ ഓഫീസിൻ്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. ആളപായമില്ല.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങളിൽ ബോംബെറിയുന്നത് ആരെന്ന് വ്യക്തമല്ല. ആർഎസ്എസ് ഓഫീസിന്‍റെ ഗേറ്റിന് മുന്നിൽ വാഹനം നിർത്തിയാണ് അക്രമികള്‍ ബോംബെറിഞ്ഞത്. നഗരത്തിലുള്ള പൊലീസിന്‍റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്.രണ്ട് ബൈക്കുകളിലായാണ് ആക്രമി സംഘം സ്ഥലത്ത് എത്തിയതെന്ന് പൊലീസ് പറയുന്നു. ഇവർ ഗേറ്റിന് മുന്നിൽ വാഹനം നിർത്തിയാണ് ബോംബ് എറിഞ്ഞതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
10 വർഷത്തിനിടെ കണ്ണൂരിൽ മാത്രം രജിസ്റ്റർ ചെയ്തത് നൂറിലധികം സ്ഫോടനങ്ങള്‍
ബോംബ് നിർമ്മിച്ചതും പൊട്ടിത്തെറിയിൽ കൈകാലുകൾ നഷ്ടപ്പെട്ടതും ഉൾപെടെ കഴിഞ്ഞ 10 വർഷത്തിനിടെ കണ്ണൂരിൽ മാത്രം രജിസ്റ്റർ ചെയ്തത് നൂറിലധികം സ്ഫോടനക്കേസുകള്‍. തൊഴിലുറപ്പ് ജോലി ചെയ്യുന്ന അമ്മമാർ, പറമ്പിൽ കളിക്കുന്ന കുട്ടികൾ ഇങ്ങനെ നിസ്സഹയരായ മനുഷ്യരാണ് ബോംബ് സ്ഫോടനത്തിന് ഇരകളാക്കപ്പെടുന്നത്. അയൽവീട്ടിൽ ബോംബാക്രമണം കണ്ട് അങ്ങോട്ടേക്ക് ഓടിയെത്തിയ ഇരിട്ടി പടിക്കച്ചാലിലെ ശ്രീധരന് നഷ്ടമായത് വലതുകാലാണ്.
കഴിഞ്ഞ ദിവസമാണ് പത്തൊന്‍പതാംമൈല്‍ കാശിമുക്കില്‍ സ്‌ഫോടനത്തില്‍ മറുനാടന്‍ തൊഴിലാളികളായ അച്ഛനും മകനും മരിച്ചത്. ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ പാത്രത്തിൽ നിധിയാണെന്ന് കരുതിയാണ് അസംകാരൻ ഷഹീദുൾ സ്ഫോടന വസ്കു വീട്ടിലേക്ക് കൊണ്ടുവന്നത്. അച്ഛൻ ഫസൽ ഹഖിനോടൊപ്പം പാത്രം തുറന്നപ്പോഴുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേരും ചിതറിപ്പോയി. സ്ഫോടനം നടന്ന വീട്ടിൽ പിറ്റേന്ന് രാവിലെ എത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘം അവിടെ കണ്ടത് ഒരു കൗമാരക്കാരനെയാണ്. പുറത്തെ മഴയിലേക്ക് കണ്ണുനട്ട് കരച്ചിലടക്കാൻ പാടുപെടുന്ന ഫസൽ ഹഖിന്റെ ഇളയ മകന്‍. ഒരു ജോലിയും ജീവിതവും സ്വപ്നം കണ്ട് മൈലുകൾ താണ്ടിയെത്തിയ ഈ 19കാരൻ അസമിലേക്ക് മടങ്ങിയത് പിതാവിന്റെയും ജ്യേഷ്ഠന്റെയും മൃതദേഹവും കൊണ്ടാണ്.
സ്ഫോടനത്തില്‍ വികലാംഗരായവരും നിരവധി
58കാരനായ ശ്രീധരൻ്റെ ജീവിതം മാറിമറിഞ്ഞത് 2011 ഫെബ്രുവരിയിലാണ്. അയൽപക്കത്തെ വീട്ടിൽ ബോംബ് പൊട്ടുന്നത് കേട്ട് രക്ഷിക്കാൻ ഓടിച്ചെന്നതാണ് ശ്രീധരന്‍. അക്രമികൾ ശ്രീധരന്റെ നേർക്കും ബോംബെറിഞ്ഞ് ഓടി മറഞ്ഞു. അറ്റുപോയ കാലുമായി ശ്രീധരന്‍ ആശുപത്രിക്കിടക്കയിൽ കിടന്നത് മാസങ്ങളാണ്. ജീവിതം അങ്ങനെ വിട്ടുകൊടുക്കില്ലെന്ന് അയാൾ തീർച്ഛപ്പെടുത്തി. പൊയ്ക്കാലുമായി പാടത്തേക്കിറങ്ങി. രാവേറുവോളം അധ്വാനിച്ചു. ഭീരുക്കളായ രാഷ്ട്രീയ ക്രിമിനലുകൾ നാണം കെട്ട് തോറ്റുപോകുന്നത് ശ്രീധരന്‍റെ ഈ നിശ്ചയ ധാർഢ്യത്തിന് മുന്നിലാണ്.