കരൂരിലെ ദുരന്തം ബോധപൂർവ്വം സൃഷ്ടിച്ചത്, സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിയുടെ ഓഫീസിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം

Published : Sep 30, 2025, 03:19 PM ISTUpdated : Sep 30, 2025, 03:24 PM IST
pinarayi vijayan

Synopsis

കരൂർ ദുരന്തത്തിൽ ഡിഎംകെ നേതാക്കൾക്കും പൊലീസുകാർക്കും ദുരന്തവുമായി ബന്ധമുണ്ടെന്നും അത് കൊണ്ട് സിബിഐ അന്വേഷണം നടത്തണമെന്നും ഇതിന്റെ പ്രതികാരമെന്ന നിലയിൽ കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് വെയ്ക്കുമെന്നുമാണ് ഭീഷണി സന്ദേശം. 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം. തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തം ബോധപൂർവ്വം സൃഷ്ടിച്ചതാണെന്നും ഇതു സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ഭീഷണി സന്ദേശത്തിലെ ആവശ്യം. ഡിഎംകെ നേതാക്കളുടേയും ചില പൊലീസ് ഉദ്യോ​ഗസ്ഥരുടേയും പേരുകൾ സന്ദേശത്തിലുണ്ട്. ഇവർക്ക് ദുരന്തവുമായി ബന്ധമുണ്ടെന്നും അത് കൊണ്ട് സിബിഐ അന്വേഷണം നടത്തണമെന്നും ഇതിന്റെ പ്രതികാരമെന്ന നിലയിൽ കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് വെയ്ക്കുമെന്നുമാണ് ഭീഷണി സന്ദേശം. ഭീഷണി സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തിവരികയാണ്. ഇ-മെയിലിൻ്റെ അഡ്രസിനായി നേരത്തെ തന്നെ അന്വേഷണം നടന്നിരുന്നു. നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമാനമായ രീതിയിൽ നേരത്തേയും ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു.

കരൂർ ദുരന്തം, തമിഴക വെട്രി കഴകം നേതാക്കൾ റിമാൻഡിൽ

കരൂർ ആൾക്കൂട്ട ദുരന്തത്തിൽ തമിഴക വെട്രി കഴകം നേതാക്കളായ മതിയഴകൻ, പൗൻ രാജ് എന്നിവർ റിമാൻഡിൽ. കരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇവരെ റിമാൻഡ് ചെയ്തത്. ഒക്ടോബർ 14 വരെയാണ് റിമാന്‍ഡ് കാലാവധി. തമിഴക വെട്രി കഴകം കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയാണ് മതിയഴകന്‍. കരൂർ സെൻട്രൽ സിറ്റി സെക്രട്ടറിയാണ് പൗൻരാജ്. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പരിപാടിക്ക് അനുമതി തേടി കത്ത് നൽകിയ മതിയഴകനെ നേരത്തെ കേസിൽ പ്രതി ചേർത്തിരുന്നു. ടിവികെ യോഗത്തിനുള്ള ഫ്ലക്സും കൊടിതോരണങ്ങളും ക്രമീകരിച്ച പൗൻരാജാണ് ഒളിവിൽ പോകാൻ മതിയഴകനെ സഹായിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വിഴുപ്പുറം ജില്ലയിലെ ടിവികെ ബ്രാഞ്ച് സെക്രട്ടറിമാരിൽ ഒരാളായ വി.അയ്യപ്പൻ ദുരന്തത്തിൽ മനംനൊന്ത് ജീവനൊടുക്കിയിട്ടുമുണ്ട്. ഡിഎംകെഎംഎൽഎ സെന്തിൽ ബാലാജിയാണ് അപകടത്തിന് കാരണക്കാരൻ എന്ന് ആരോപിക്കുന്ന ആത്മഹത്യാ കുറിപ്പും പുറത്തുവന്നു. 

PREV
Read more Articles on
click me!

Recommended Stories

പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു
സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം: സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള അ‍ജ്ഞതയിൽ നിന്നാകാം മുഖ്യമന്ത്രിയുടെ വിമർശനമെന്ന് ലോക്ഭവൻ