മജ്ജ മാറ്റിവെക്കല്‍ ചികിത്സ; ദാതാക്കളാകാൻ ഇതുവരെ രജിസ്റ്റർ ചെയ്തത് 112 പേർ

Published : Jul 08, 2022, 03:16 PM ISTUpdated : Jul 08, 2022, 03:18 PM IST
മജ്ജ മാറ്റിവെക്കല്‍ ചികിത്സ; ദാതാക്കളാകാൻ ഇതുവരെ രജിസ്റ്റർ ചെയ്തത് 112 പേർ

Synopsis

ചികിത്സ ചെലവ് ഗണ്യമായി കുറക്കുക, യോജിച്ച മൂലകോശ ലഭ്യത കൂട്ടുക എന്നീ ലക്ഷ്യങ്ങളോടെ ആണ് മലബാര്‍ കാന്‍സര്‍ സെന്‍ററിൽ ബോണ്‍മാരോ ഡോണര്‍ രജിസ്ട്രി  പദ്ധതി നടപ്പിലാക്കിയത്  

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ ആദ്യ സംരംഭമായ ബോണ്‍മാരോ (bone marrow)ഡോണര്‍ (donor) രജിസ്ട്രിയിൽ 112 ദാതാക്കള്‍ രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലബാര്‍ കാന്‍സര്‍ സെന്ററിലെ രജിസ്ട്രിയുടെ പ്രവര്‍ത്തനം തുടങ്ങി കുറഞ്ഞ കാലയളവിനുള്ളില്‍ അനുയോജ്യരായ ഇത്രയും ദാതാക്കളെ കണ്ടെത്താനായത് വലിയ നേട്ടമാണ്. മജ്ജ മാറ്റിവെക്കല്‍ ചികിത്സയ്ക്ക് കാത്തിരിക്കുന്നവര്‍ക്ക് ഇതേറെ സഹായകരമാണ്. രക്തജന്യ രോഗങ്ങളുടെ ചികിത്സ ചെലവ് ഗണ്യമായി കുറക്കുവാന്‍ രജിസ്ട്രി സഹായിക്കും. രജിസ്ട്രിക്ക് വേണ്ടിയുള്ള സോഫ്റ്റ് വെയര്‍ നിര്‍മാണം ഇ ഹെല്‍ത്ത് കേരള വഴി പുരോഗമിക്കുകയാണ്. മാത്രമല്ല വേള്‍ഡ് മാരോ ഡോണര്‍ അസോസിയേഷനുമായി രജിസ്ട്രിയെ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും നടക്കുന്നു. രജിസ്ട്രി വിപുലീകരിക്കുന്നതാണ്. രജിസ്ട്രിയ്ക്കായി ഈ ബജറ്റില്‍ ഒരു കോടി വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

രക്താര്‍ബുദം ബാധിച്ചവര്‍ക്ക് ഏറെ ഫലപ്രദമായ ചികിത്സയാണ് മജ്ജ മാറ്റിവെക്കല്‍ ചികിത്സ. വളരെയേറെ ചെലവ് വരുന്നതാണ് ഈ ചികിത്സ. മാത്രമല്ല ചികിത്സയ്ക്കായി അനുയോജ്യമായ മൂലകോശം ലഭിക്കുന്നതിനും വളരെയേറെ ബുദ്ധിമുട്ടാണ്. ഇന്ത്യയില്‍ നിലവില്‍ സര്‍ക്കാരിതര മേഖലയില്‍ 6 ബോണ്‍മാരോ രജിസ്ട്രികള്‍ മാത്രമാണുള്ളത്. ഒരു രോഗിക്ക് യോജിച്ച മൂലകോശം ലഭിക്കണമെങ്കില്‍ നിലവില്‍ 8 ലക്ഷത്തിലധികം രൂപ ചെലവ് വരും. ഈയൊരു സാഹചര്യത്തിലാണ് മജ്ജ മാറ്റിവെക്കല്‍ ചികിത്സ ചെലവ് ഗണ്യമായി കുറക്കുക, യോജിച്ച മൂലകോശ ലഭ്യത കൂട്ടുക എന്നീ ലക്ഷ്യങ്ങളോടെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ ബോണ്‍മാരോ ഡോണര്‍ രജിസ്ട്രി (Blood and Marrow Stem cell Donor Registry) പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്.

മലബാര്‍ കാന്‍സര്‍ സെന്ററില്‍ 160 ഓളം മജ്ജ മാറ്റിവെക്കല്‍ ചികിത്സ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൂടുതല്‍ രോഗികള്‍ക്ക് മജ്ജ മാറ്റിവെക്കല്‍ ചികിത്സ ലഭ്യമാക്കുവാന്‍ ദാതാക്കളെ കൂട്ടേണ്ടതുണ്ട്. അനുയോജ്യരായ ദാതാക്കളെ കണ്ടെത്തുന്നതിനായി വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ രക്ത ദാതാക്കളുടെ കൂട്ടായ്മകളുമായി യോജിച്ച് പ്രവര്‍ത്തിച്ചു കൊണ്ട് മലബാര്‍ കാന്‍സര്‍ സെന്റര്‍ നടത്തുന്നുണ്ട്. സന്നദ്ധ സംഘടനങ്ങള്‍ നല്ല സഹകരണവുമായി മുന്നോട്ട് വരുന്നുണ്ട്.

മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ  പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ചായി  ഉയര്‍ത്തുന്നതിന് കിഫ്ബി വഴി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഒന്നാം ഘട്ടത്തില്‍ 80 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 398 കോടി രൂപയുടെ പദ്ധതികള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകദേശം അന്തിമഘട്ടത്തിലാണ്. രണ്ടാം ഘട്ടത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ
ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പോറ്റിയേ പാട്ടുപാടി ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും, നാടകീയ രം​ഗങ്ങൾ