
ദില്ലി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചിനെതിരായ കേരളത്തിന്‍റെ ഹർജി ഉടൻ പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. സ്വന്തം പരാജയം മറയ്ക്കാനാണ് ഹര്‍ജിയുമായി കേരളം കോടതിയിലെത്തിയതെന്ന് അറ്റോര്‍ണി ജനറല്‍ വിമര്‍ശിച്ചു. ഇടക്കാല ഉത്തരവ് തേടിയുള്ള കേരളത്തിന്‍റെ അപേക്ഷയിൽ മറുപടി നൽകാൻ കേന്ദ്രത്തോട് സുപ്രീം കോടതി നിർദ്ദേശിച്ചു. കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്‍റെ ഹർജി നിലനിൽക്കുന്നതല്ലെന്ന വാദമാണ് കേന്ദ്രത്തിനായി അറ്റോർണി ജനറൽ വെങ്കിട്ടരമണി ഉയർത്തിയത്. ദേശീയ സാമ്പത്തിക നയം അനുസരിച്ചാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ധനകാര്യനിർവഹണത്തിന്‍റെ പരാജയമാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പ്രശ്നങ്ങളാണ് കേരളം ഉന്നയിക്കുന്നതെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു.
സംസ്ഥാനത്ത് അടുത്ത ആഴ്ച്ച ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണെന്നും അതിനാൽ കടമെടുപ്പിൽ ഇടക്കാല ഉത്തരവ് തേടിയുള്ള അപേക്ഷയിൽ തീരുമാനമെടുക്കണമെന്നും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വ്യക്തമാക്കി. എന്നാൽ, ഈ വാദത്തെയും ശക്തമായി എതിർത്ത അറ്റോർണി ജനറൽ ബജറ്റുമായി ഈ ഹർജിക്ക് ഒരു ബന്ധവുമില്ലെന്ന വാദവും ഉയർത്തി. ഇടക്കാല ഉത്തരവിന്‍റെ ആവശ്യമില്ലെന്നും എജി പറഞ്ഞു. എന്നാൽ ഈ വാദം അംഗീകരിക്കാതെ കോടതി ഇടക്കാല ഉത്തരവില്‍ വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഹർജിയുമായി ബന്ധപ്പെട്ട് എജി ഒരു കുറിപ്പ് നൽകാൻ ശ്രമിച്ചെങ്കിലും സത്യവാങ്മൂലമായി നൽകാൻ കോടതി നിർദ്ദേശിച്ചു. ഒരാഴ്ച്ചക്കുള്ളിൽ സത്യവാങ്മൂലം നൽകണമെന്നാണ് ഉത്തരവ്. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ പെൻഷനും ശമ്പളവും ഉൾപ്പെടെ നൽകാൻ കടമെടുപ്പിന് അനുവാദം നൽകണമെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. കേസ് അടുത്ത മാസം പതിമൂന്നിലേക്ക് കോടതി മാറ്റി. സംസ്ഥാനത്തിനായി അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണക്കുറുപ്പ്, സ്റ്റാൻഡിങ് കൗൺസൽ സി കെ ശശി എന്നിവരും ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam