കോട്ടയം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വിധി അനുകൂലമായതോടെ ജോസഫ് വിഭാഗത്തിനെതിരെ കൂറൂമാറ്റ നിരോധന നിയമമടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേരള കോണ്‍ഗ്രസ് എം. ജോസഫിന്‍റെ സ്വാധീനത്തില്‍പെട്ട് പാര്‍ട്ടിവിട്ടവര്‍ക്ക് തിരിച്ചുവരാമെന്നും തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടിക്ക് രാഷ്ട്രീയ നിലപാട് ഉണ്ടാകുമെന്നും ചെയര്‍മാര്‍ ജോസ് കെ മാണി പറഞ്ഞു. അതിനിടെ ജോസ് കെ മാണിയെ യുഡിഎഫ് പുറത്താക്കിയിട്ടില്ലെന്ന് വ്യക്തമാക്കി, നിലപാട് മയപ്പെടുത്തിയെന്ന സൂചന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കി
രണ്ടില ചിഹ്നം തിരികെ കിട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണി ക്യാമ്പ്. ഇനി ജോസ് പക്ഷമില്ല , കേരള കോണ്‍ഗ്രസ് എം മാത്രമേയുള്ളുവെന്ന് ജോസ് കെ മാണി വ്യക്തമാക്കി വിപ്പ് ലംഘിച്ച പിജെ ജോസഫിനെയും മോൻസ് ജോസഫിനയും അയോഗ്യരാകകുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ജോസ് കെ മാണിയുടെ നീക്കം.
താഴെത്തട്ടിലും കൂറുമാറിയവർക്കെതിരെ നടപടി ഉണ്ടാകും. ജോസഫ് വിഭാഗത്തെ പരമാവധി ദുര്‍ബലപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുകൂല ഉത്തരവ് ഉപയോഗിക്കുകയാണ് ജോസ് കെ മാണി. ജോസഫിന്‍റെ സ്വാധീനത്തില്‍ പെട്ട് പുറത്തുപോയവര്‍ക്ക് തിരിച്ചുവരാം. രണ്ടില ചിഹ്നത്തില്‍ ജയിച്ച ജനപ്രതിനിധികള്‍ മറുകണ്ടം ചാടിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം , കമ്മീഷൻറെ വിധിക്കെതിരെ നിയമപരമായ നീങ്ങാനാണ് ജോസഫ് വിഭാഗത്തിന് തീരുമാനം. ജോസ് കെ. മാണിയെ പുറത്താക്കാനിരുന്ന യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തോടെ വെട്ടിലായി. യുഡിഎഫ് യോഗവും മാറ്റിവെച്ചു.
യുഡിഎഫിനൊപ്പം തൽക്കാലം പോകേണ്ട എന്ന നിലപാടില്‍ തന്നെയാണ് ജോസ് കെ. മാണിയെന്നാണ് സൂചന. ഇടത് സഹകരണ ലക്ഷ്യവുമായി മുന്നോട്ടു പോകാനാണ് മാറിയ സാഹചര്യത്തിലും പാര്‍ട്ടി ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് അനുകൂലമാക്കി പരമാവധിയാളുകളെ ഒപ്പം നിര്‍ത്താനാണ് ജോസ് കെ മാണിയുടെ ഇപ്പോഴത്തെ ശ്രമം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam