സംഭാവന നൽകിയ പ്രധാനികളിൽ കല്യാണ്‍ ജ്വല്ലേഴ്സ് ആണ് മുന്നിൽ. കല്യാൺ സിൽക്സ് 15 ലക്ഷം, മുത്തൂറ്റ് ഫിനാൻസ് അൻപത് ലക്ഷം, മുത്തൂറ്റ് ഫിൻകോർപ്പ് 5 ലക്ഷം, മുത്തൂറ്റ് റിസ്ക് ഇൻഷൂറൻസ് പത്ത് ലക്ഷം, ക്രെഡായി തിരുവനന്തപുരം 22,57,872 , എന്നിങ്ങനെ പോകുന്നു സംഭാവന

തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വർഷം ഇതുവരെ സിപിഎമ്മിന് ലഭിച്ച സംഭാവന 17കോടി രൂപയ്ക്കടുത്തെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലാണ് 16,95,79,591 രൂപയാണ് തങ്ങൾക്ക് ലഭിച്ചതെന്ന് സിപിഎം വ്യക്തമാക്കിയത്. തൃശൂർ കല്യാൺ ജ്വല്ലേഴ്സ് ആണ് ഏറ്റവും കൂടുതൽ സംഭാവന നൽകിയത്. ഇവർ ഒരു കോടി രൂപയാണ് സംഭാവന നൽകിയത്. കല്യാൺ സിൽക്സ് 15 ലക്ഷം, മുത്തൂറ്റ് ഫിനാൻസ് 50 ലക്ഷം, മുത്തൂറ്റ് ഫിൻകോർപ്പ് 5 ലക്ഷം, മുത്തൂറ്റ് റിസ്ക് ഇൻഷൂറൻസ് 10 ലക്ഷം, ക്രെഡായി തിരുവനന്തപുരം 22,57,872 , ഭീമ ജ്വല്ലേഴ്സ് - 17,84,000, മിംസ് 14 ലക്ഷം എന്നിങ്ങനെയാണ് സംഭാവനകൾ. ഇത് കൂടാതെ നേതാക്കളും സംഭാവന നൽകിയിട്ടുണ്ട്. 

ഹനൻ മൊല്ല 3,90,000, എംഎ ബേബി 2,09,000, എളമരം കരീം 4,40,000, ജോൺ ബ്രിട്ടാസും ശിവദാസനും 12,10,000 വീതം, കെ രാധാകൃഷ്ണൻ 7 ലക്ഷം എന്നിങ്ങനെയാണ് നേതാക്കൾ നൽകിയ സംഭവനകൾ. ഓരോ സാമ്പത്തിക വ‍ർഷവും രാഷ്ട്രീയ പാർട്ടികൾ 20,000 രൂപയിലധികം വരുന്ന സംഭാവനകളുടെ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കണം. ദേശീയ അം​ഗീകാരം ലഭിച്ച പാർട്ടികൾ ഈ കണക്ക് സമർപ്പിക്കാറുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഡിസംബർ ആറിനാണ് സിപിഎം ജനറൽ സക്രട്ടറി എംഎ ബേബി കണക്ക് സമർപ്പിച്ചത്. ഇതുപ്രകാരം 16കോടിയിലേറെ തുകയാണ് സിപിഎമ്മിന് ലഭിച്ചതായി കാണുന്നത്. സംഭാവന നൽകിയവരുടെ പൂർണ്ണവിവരങ്ങൾ റിപ്പോർട്ടിലുണ്ട്. 

കണക്ക് പുറത്ത് വിട്ട് ബിജെപിയും

വിവിധ കേന്ദ്രങ്ങളിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ച സംഭാവനകളുടെ വിശദമായ കണക്ക് ബിജെപി പുറത്തുവിട്ടു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിജെപി കണക്ക് പുറത്തുവിട്ടത്. ഇതുപ്രകാരം 6073 കോടി രൂപയാണ് ഒരൊറ്റ വർഷം കൊണ്ട് ബിജെപിയുടെ അക്കൗണ്ടിലെത്തിയത്. ഇത് തൊട്ടുമുൻപത്തെ വർഷത്തേക്കാൾ 53 ശതമാനം കൂടുതലാണ്. 2023-24 കാലത്ത് ബിജെപിക്ക് 3967 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതിൽ 42 ശതമാനവും അന്ന് ഇലക്ടറൽ ബോണ്ടുകൾ വഴിയാണ് ലഭിച്ചത്. എന്നാൽ ഇലക്ടറൽ ബോണ്ടുകൾ ഇല്ലാതായതോടെ ഇലക്ടറൽ ട്രസ്റ്റുകൾ വഴിയാണ് രാഷ്ട്രീയ കക്ഷികൾക്ക് സംഭാവന ലഭിക്കുന്ന പ്രധാന മാർഗം. ഇതിലൂടെ എത്തിയ 2811 കോടി രൂപയിൽ 3112 കോടി രൂപയും ബിജെപിക്കാണ് ലഭിച്ചത്. അവശേഷിക്കുന്ന 2,961 കോടി രൂപ വ്യക്തികളും കോർപ്പറേറ്റുകളും ബിജെപിക്ക് നൽകിയതാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (100 കോടി രൂപ), സൺസ് പ്രൈവറ്റ് ലിമിറ്റഡ് (95 കോടി രൂപ), വേദാന്ത ലിമിറ്റഡ് (67 കോടി രൂപ), മാക്രോടെക് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് (65 കോടി രൂപ), ഡെറിവ് ഇൻവെസ്റ്റ്‌മെന്റ്‌സ് (53 കോടി രൂപ), മോഡേൺ റോഡ് മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (52 കോടി രൂപ), ലോട്ടസ് ഹോംടെക്‌സ്റ്റൈൽസ് ലിമിറ്റഡ് (51 കോടി രൂപ) എന്നിവരാണ് സംഭാവന നൽകിയ പ്രധാന കമ്പനികൾ.

സഫൽ ഗോയൽ റിയാലിറ്റി എൽഎൽപി, ഐടിസി ലിമിറ്റഡ്, ഗ്ലോബൽ ഐവി വെഞ്ച്വേഴ്സ് എൽഎൽപി, ഐടിസി ഇൻഫോടെക് ഇന്ത്യ ലിമിറ്റഡ്, ഹീറോ എന്റർപ്രൈസസ് പാർട്ണർ വെഞ്ച്വേഴ്സ്, മാൻകൈൻഡ് ഫാർമ ലിമിറ്റഡ്, സുരേഷ് അമൃത്‌ലാൽ കൊട്ടക്, ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് എന്നിവയും ബിജെപിക്ക് വലിയ സംഭാവന നൽകിയ മറ്റ് ചില കമ്പനികളാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തുകയാണ് 2024-25 ൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത്. 

YouTube video player