
മലപ്പുറം: മഞ്ചേരിയിൽ 10 മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയ ബോട്ടിൽ അടപ്പ് പുറത്തെടുത്തു. മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ആണ് കുട്ടിയെ രക്ഷിച്ചത്. മഞ്ചേരി മുട്ടിപ്പാലം സ്വദേശികളുടെ മകന്‍റെ തൊണ്ടയിലാണ് അടപ്പ് കുടുങ്ങിയത്. കുട്ടി കളിച്ചു കൊണ്ടിരുന്നതിനിടെ അടപ്പ് വിഴുങ്ങുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അടപ്പ് എടുക്കാൻ കഴിഞ്ഞില്ല. തൊണ്ടയിൽ പൂർണമായും അടഞ്ഞ് നിന്നിരുന്ന അടപ്പ് നീണ്ട പരിശ്രമത്തിലൂടെയാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി ഡോക്ടർമാർ പുറത്തെടുത്തത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിതം വിഭാഗം മേധാവി ഡോ. ഷാനവാസ്, ഡോ. സ്നേഹ, ഡോ . സയൻ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം മാങ്ങ കഴിക്കുന്നതിനിടെ മാങ്ങയണ്ടി തൊണ്ടയില്‍ കുടുങ്ങി ശ്വാസമെടുക്കാനാകാതെ ബുദ്ധിമുട്ടിയ അഞ്ച് വയസ്സുകാരനെ ഡോക്ടർ രക്ഷിക്കുകയുണ്ടായി. കോഴിക്കോട് കക്കട്ടില്‍ മുള്ളമ്പത്ത് സ്വദേശി കേദാറിന്‍റെ ജീവനാണ് പാതിരപ്പറ്റ സ്വദേശിയായ ഡോക്ടര്‍ എച്ച് എസ് സുഹാദിന്‍റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ടത്.
വീട്ടിലിരുന്ന മാങ്ങ കഴിക്കുന്നതിനിടെ മാങ്ങയണ്ടി കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ കൈവേലിയിലെ ഡോക്ടറുടെ ക്ലിനിക്കില്‍ എത്തിച്ചു. അപകട സാഹചര്യം മനസ്സിലാക്കിയ ഡോക്ടര്‍ ഉടന്‍ തന്നെ രോഗികളെ പരിശോധിക്കുന്നത് നിര്‍ത്തി കുട്ടിക്ക് പ്രാഥമിക പരിചരണം നല്‍കി. ശ്വാസോച്ഛ്വസം ഉറപ്പുവരുത്താന്‍ ഡോക്ടര്‍ കാണിച്ച ജാഗ്രതയാണ് കാര്യങ്ങള്‍ മറ്റ് അപകടങ്ങളിലേക്ക് പോകാതിരിക്കാന്‍ കാരണമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam