Bottled Water Price : കുപ്പിവെള്ളത്തിന്‍റെ വില നിയന്ത്രണം റദ്ദാക്കിയതിനെതിരായ സർക്കാർ അപ്പീൽ; ഹൈക്കോടതി തള്ളി

By Web TeamFirst Published Jan 11, 2022, 1:04 PM IST
Highlights

ഹൈക്കോടതി ഉത്തരവിന്‍റെ മറവില്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്‍റെ വില കുത്തനെ കൂട്ടിയിരുന്നു. 13 രൂപക്ക് വിറ്റിരുന്ന കുപ്പിവെള്ളത്തിന് 20 രൂപയാണ് ഈടാക്കുന്നത്.

കൊച്ചി: കുപ്പിവെള്ളത്തിന്‍റെ വില (Bottled Water Price) നിയന്ത്രണം റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി (High Court) ഡിവിഷൻ ബഞ്ച് തള്ളി. കുപ്പിവെള്ളത്തിന് വില ലിറ്ററിന് 13 രൂപ ആക്കിയത് റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു സർക്കാർ അപ്പീൽ. എതിർ വാദങ്ങളുമായി സർക്കാറിന് സിംഗിൾ ബെഞ്ചിനെ തന്നെ സമീപിക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിര്‍ദ്ദേശിച്ചു.

അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉള്ള കുപ്പിവെള്ളത്തിന് വിലനിയന്ത്രിക്കാൻ കഴിയുമെന്നാണ് സർക്കാർ വാദം. സിംഗിൾ ബ‌ഞ്ച് ഇടക്കാല ഉത്തരവ് മാത്രമാണ് പുറപ്പെടുവിച്ചിടുള്ളതെന്നും വിശദമായ വാദം സിംഗിൾ ബഞ്ചിൽ നടത്താവുന്നതാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് നേരെത്തെ വ്യക്തമാക്കിയിരുന്നു. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് പാക്ക് ചെയ്ത വരുന്ന ഭക്ഷ്യവസ്തുക്കളുടെ വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരെന്നായിരുന്നുനേരത്തെ ഹർജിക്കാർ വാദിച്ചത്. എന്നാൽ കുപ്പിവെള്ളം ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ടെങ്കിലും വില നിയന്ത്രണത്തിന് തടസ്സമില്ലെന്നാണ് സംസ്ഥാന സർക്കാർ അപ്പീലിൽ വാദിക്കുന്നത്.

ഹൈക്കോടതി ഉത്തരവിന്‍റെ മറവില്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്‍റെ വില കുത്തനെ കൂട്ടിയിരുന്നു. 13 രൂപക്ക് വിറ്റിരുന്ന കുപ്പിവെള്ളത്തിന് 20 രൂപയാണ് ഈടാക്കുന്നത്. അവശ്യസാധന വില നിയന്ത്രണ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സംസ്ഥാന സര്‍ക്കാര്‍ കുപ്പിവെള്ളത്തിന് ലിറ്ററിന് പരമാവധി 13 രൂപയായി നിശ്ചയിച്ചത്. ഇതിനെതിരെ കുപ്പിവെള്ള ഉത്പാദകരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി രണ്ടാഴ്ച മുന്‍പ് സ്റ്റേ ഉത്തരവ് നല്‍കിയത്. കുപ്പിവെള്ളത്തിന്‍റെ വില നിര്‍ണയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കോടതിയുടെ സ്റ്റേ ഉത്തരവ് വന്നതിന് പിന്നാലെ കുപ്പിവെള്ള കമ്പനികള്‍ വില കുത്തനെ കൂട്ടി. മിക്ക ബ്രാന്‍ഡുകളും പരമാവധി വില്‍പ്പന വില 20 രൂപയാക്കി.

കോടതി ഉത്തരവിന്‍റെ മറവില്‍ കുപ്പിവെള്ളത്തിന് കുത്തനെ വില കൂടി, പ്രതിഷേധം ശക്തം

click me!