തുടർഭരണം ജനാധിപത്യത്തിന് നല്ലതല്ലെന്ന കവി സച്ചിദാനന്ദന്റെയും സാറാ ജോസഫിന്റെയും വിമർശനങ്ങളെ പ്രതിരോധിക്കാൻ സിപിഎം ഒരുങ്ങുന്നു. പത്തുവർഷത്തെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി മറുപടി നൽകാനാണ് പാർട്ടി തീരുമാനം. 

തിരുവനന്തപുരം: കവി സച്ചിദാനന്ദന്റെയും സാറാ ജോസഫിന്റെയും വിമർശനങ്ങളെ പത്തുവർഷക്കാലത്തെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതിരോധിക്കാൻ സിപിഎം. മേഖലാ ജാഥകളിൽ ഉൾപ്പെടെ ഈ വിഷയങ്ങൾക്ക് ഊന്നൽ നൽകിയാകും പ്രചാരണം. വിമർശനം ഉന്നയിച്ചവരെ വ്യക്തിപരമായി ആക്രമിക്കാതെ വികസനം മുൻനിർത്തി മറുപടി നൽകാനാണ് നേതൃത്വത്തിന്റെ ശ്രമം. എന്നാൽ സൈബർ ഇടങ്ങളിൽ സച്ചിദാനന്ദനും സാറാ ജോസഫിനും എതിരായ കടുത്ത വിമർശനങ്ങൾ ഉയർന്നു.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസം തുടർഭരണമുണ്ടാകുന്നത് ജനാധിപത്യത്തിൽ നന്നല്ലെന്ന് സച്ചിദാനന്ദനും സാറാ ജോസഫും അഭിപ്രായപ്പെട്ടിരുന്നു. തുടർഭരണം ഇടതുപക്ഷത്തെ നശിപ്പിക്കുമെന്നും അധികാര കേന്ദ്രീകരണത്തിന് കാരണമാകുമെന്നും സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ സമുദായ പ്രീണനത്തിന് ശ്രമിക്കരുതെന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു. നിലവിൽ ഇടതുപക്ഷമടക്കം സമുദായ സംഘടനകളുമായി ഐക്യപ്പെട്ടാണ് പ്രവർത്തിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി അടിത്തട്ടിലെ പാർട്ടി ആവേണ്ടതാണ്. പക്ഷേ മധ്യ ഉപരി മധ്യവർഗത്തിന്റെ ആഗ്രഹങ്ങളാണ് സാധിച്ചു കൊടുക്കുന്നത്. മത-സമുദായ പ്രീണനത്തിന് ശ്രമിക്കരുത്.

ഗുരുവിന്‍റെ തത്വങ്ങൾക്ക് എതിരായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളെ സന്തോഷിപ്പിക്കുകയും ഗുരുവിനെക്കാൾ മഹാനാണ് അദ്ദേഹമെന്ന് പറയേണ്ടി വരികയും ചെയ്യുന്ന അവസ്ഥ കമ്മ്യൂണിസ്റ്റുകാരന് മാത്രമല്ല, ഏതൊരു മതേതര വാദിക്കും കേരളീയനും അംഗീകരിക്കാൻ കഴിയില്ല. അത്തരത്തിലുള്ള സന്ധികൾ പാർട്ടികളെ പിന്നോട്ടു കൊണ്ടുപോകുന്നു. കമ്മ്യൂണിസ്റ്റ് നേതാവിൽ നിന്ന് നാം പ്രതീക്ഷിക്കുന്നത് ആശയങ്ങളുടെ പിന്തുടർച്ചയാണ് അതിന് പകരം വ്യത്യസ്തമായ കാര്യങ്ങൾ ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.