'കുട്ടികളുടെ നെഞ്ചിലും കഴുത്തിലും കണ്ണിന് ചുറ്റും അടികിട്ടിയ പാടുകളാണ്'; സദാചാര ആക്രമണത്തെകുറിച്ച് അമ്മ

By Web TeamFirst Published Jul 23, 2022, 11:58 AM IST
Highlights

 നാട്ടുകാർ കുട്ടികളെ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നുവെന്ന് ഒരു രക്ഷിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പാലക്കാട്: കരിമ്പയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തിൽ പ്രതിഷേധം ശക്തമാണ്. ബസ് സ്റ്റോപ്പിൽ ഒരുമിച്ച് ഇരുന്ന വിദ്യാർത്ഥികൾക്ക് നേരെ നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായ സദാചാര ആക്രമണങ്ങൾക്കെതിരെ രക്ഷിതാക്കളും രംഗത്തെത്തി. നാട്ടുകാർ കുട്ടികളെ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നുവെന്ന് ഒരു രക്ഷിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

''കുട്ടികളെ മർദ്ദിച്ചതിന് ശേഷം ബസ് തടഞ്ഞ് നിർത്തി കയറ്റി വിടുകയായിരുന്നുവെന്നാണ് കുട്ടി ഫോണിൽ വിളിച്ച് പറഞ്ഞത്. അടുത്ത സ്റ്റോപ്പിലിറങ്ങിയ ശേഷം കുട്ടികൾ ഫോണിൽ വിളിച്ച് നാട്ടുകാർ മർദ്ദിച്ച വിവരം പറഞ്ഞു. നെഞ്ചിൽ വേദനയുണ്ടെന്നും കാലും കൈയ്യും തളരുന്ന പോലെയുണ്ടെന്നും കുട്ടി പറഞ്ഞതോടെയാണ് വണ്ടിയെടുത്ത് അവരുടെ അടുത്തേക്ക് വന്നത്. കുട്ടികളെ നേരിട്ട് കണ്ടപ്പോഴാണ് എത്രത്തോളം മർദ്ദനമേറ്റെന്നും പരിക്കേറ്റെന്നും മനസിലായത്. കുട്ടികളുടെ നെഞ്ചിലും കഴുത്തിലും കണ്ണിന് മുകളിലുമെല്ലാം അടികിട്ടിയ പാടുകളാണുള്ളത്. ഇത് കണ്ടതോടെ ഉടൻ അധ്യാപകനെ വിളിച്ചു. കുട്ടികൾ ബസ് സ്റ്റാൻഡിൽ സംസാരിച്ച് നിൽക്കുകയായിരുന്നുവെന്നും മാഷ് കുട്ടികൾക്കൊപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം തന്നെയാണ് പറഞ്ഞത്'' . 

ആണും പെണ്ണും ഒരുമിച്ചിരുന്നാൽ അധിക്ഷേപം; മർദ്ദിച്ചത് കൂട്ടമായെത്തി; മണ്ണാർക്കാട്ടെ വിദ്യാർത്ഥികൾ പറയുന്നു...

''മാഷ് പറയുന്നത് അനുസരിച്ച് റോഡിന് മറുവശത്തിന് നിന്നും രണ്ട് പേർ വന്ന് പെൺകുട്ടികളോടെ മോശമായ രീതിയിൽ സംസാരിച്ചു. ഇതോടെ ആൺകുട്ടികളും ഒപ്പമുണ്ടായിരുന്ന മാഷും പ്രതികരിച്ചു. കുട്ടികളോട് ഇത്തരത്തിൽ സംസാരിക്കാൻ നിങ്ങൾക്ക് അധികാരമില്ലെന്ന് പറഞ്ഞു. ഇതോടെ വീട്ടിൽ പോടീ എന്ന് പറഞ്ഞ് വിദ്യാർത്ഥിനികളോട് കയർത്തു. ഇതിനെ വിദ്യാർത്ഥികളും അധ്യാപനും ചോദ്യം ചെയ്തു''. നിയമനടപടി സ്വീകരിക്കുമെന്നും പൊലീസിൽ പരാതി നൽകുമെന്നും കുട്ടികൾ പറഞ്ഞതോടെ നിങ്ങള് ജയിലിൽ കിടത്ത് എന്ന് പറഞ്ഞ് ആൺകുട്ടികളെ 
മർദ്ദിക്കുകയായിരുന്നുവെന്നാണ് അധ്യാപകരും  വിദ്യാർത്ഥികളും പറഞ്ഞതെന്ന് രക്ഷിതാവ് വിശദീകരിച്ചു.

പൊലീസിൽ പരാതിപ്പെട്ടപ്പോഴും നല്ല സമീപനമായിരുന്നില്ലെന്നും രക്ഷിതാവ് കുറ്റപ്പെടുത്തി. പൊലീസുകാർ പരാതി എഴുതി വാങ്ങുക മാത്രമാണ് ചെയ്തത്. നാളെ അവരേയും (മർദ്ദിച്ചവർ) നിങ്ങളെയും വിളിപ്പിക്കാമെന്നും ഇപ്പോൾ വീട്ടിലേക്ക് പോകാനും ആവശ്യപ്പെട്ടു. മർദ്ദനമേറ്റെന്ന് പറഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ലെന്നും രക്ഷിതാവ് വിശദീകരിച്ചു. ആശുപത്രിയിൽ കൊണ്ട് പോകണമെന്നാവശ്യപ്പെട്ടപ്പോൾ നിങ്ങൾക്ക് വേണമെങ്കിൽ കൊണ്ടുപോകാമെന്നാണ് പൊലീസ് പറഞ്ഞത്. ഞങ്ങടെ കുട്ടികളെ ഇങ്ങനെ കണ്ടിരിക്കാനാകുമോ. ഉടൻ തന്നെ അവരെ  ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും രക്ഷിതാവ് വിശദീകരിച്ചു. 

മണ്ണാർക്കാട് കരിമ്പ എച്ച് എസ് എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്. സ്കൂൾ വിട്ട ശേഷം സമീപത്തെ ബസ് സ്‌റ്റോപിൽ ബസ് കാത്ത് ഇരിക്കുകയായിരുന്നു അഞ്ച് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളും. ഈ സമയത്ത് അവിടേക്ക് വന്നവർ പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ ഇതുവരെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. 

മണ്ണാർക്കാട് സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ സദാചാര ആക്രമണം, ഒരാൾ അറസ്റ്റിൽ


 

click me!