
വയനാട്: ബ്രഹ്മഗിരിയിലെ നിക്ഷേപകർ നവ കേരള സദസ്സിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും കയ്യൊഴിയൽ. സുൽത്താൻ ബത്തേരി ഡിവൈഎസ്പി ഓഫീസിലേക്കാണ് പരാതി കൈമാറിയത്. നിക്ഷേപകർക്ക് താത്പര്യമുണ്ടെങ്കിൽ കേസെടുക്കാമെന്നാണ് കിട്ടിയ അറിയിപ്പ്. പൊലീസ് കേസിനാണെങ്കിൽ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കണോ എന്നാണ് നിക്ഷേകരുടെ ചോദ്യം.
സിപിഎം പ്രവർത്തകൻ കൽപ്പറ്റ സ്വദേശി അലവി പാർട്ടിയെ വിശ്വസിച്ചാണ് ബ്രഹ്മഗിരി ഡൈവലെപ്മെന്റ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ചത്. ആദ്യം പലിശയും പിന്നീട് മുതലും രണ്ടും മുടങ്ങി. പാർട്ടി നേതാക്കളോട് പരാതി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. പ്രതിഷേധിച്ച് നോക്കിയിട്ടും പണം തിരികെ കിട്ടിയില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും വന്നപ്പോൾ നവകരേള സദസ്സിലും പരാതി കൊടുത്തു.
ആരോഗ്യവകുപ്പിലെ ജീവനക്കാരനായിരുന്നു അമ്പിലേരി സ്വദേശി മൊയ്തു. സര്‍വീസിൽ നിന്ന് വിരമിച്ചപ്പോഴുള്ള മിച്ചമാണ് ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിൽ നിക്ഷേപിച്ചത്. ഇപ്പോൾ കൂലിപ്പണി ചെയ്ത് ജീവിക്കുകയാണ് ഇദ്ദേഹം. മൊയ്തുവും നവ കേരള സദസ്സിൽ പരാതി നൽകിയിരുന്നു.
എന്നാൽ എല്ലാവർക്കും എഴുതി തയ്യാറാക്കിയ ഒരേ മറുപടിയാണ് ലഭിച്ചത്. വേണമെങ്കിൽ കേസിന് പോയ്ക്കോളൂ എന്നാണ് അതിലെ ഉള്ളടക്കം. സൊസൈറ്റിക്ക് പണമുണ്ടാവുമ്പോൾ, തിരികെ തരാം എന്നുമാത്രം. തീർപ്പാക്കിയ പരാതികളുടെ എണ്ണത്തിൽ ഇതുമുണ്ടാകും. പക്ഷേ, മുഖ്യമന്ത്രിക്കും പരിഹരിക്കാനാവാത്ത പരാതിയുടെ പട്ടികയിലാണ് സാധാരണക്കാരൻ ബ്രഹ്മഗിരി സൊസൈറ്റി പരാതികൾ എണ്ണുക.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്