
സുൽത്താൻ ബത്തേരി: ബ്രഹ്മഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിക്ക് കോടതിയില്‍ നിന്ന് തിരിച്ചടി. പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട മൂന്ന് പേർക്ക് പലിശയടക്കം പണം തിരികെ നല്‍കാൻ ബത്തേരി കോടതി ഉത്തരവിട്ടു. കോടതി വ്യവഹാരത്തിന് ചെലവായ തുകയും ബ്രഹ്മഗിരി നിക്ഷേപകർക്ക് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. 50 ലക്ഷം രൂപ വരെ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനടക്കമാണ് അനുകൂല വിധി ലഭിച്ചിരിക്കുന്നത്. 2024ല്‍ നല്‍കിയ ഹർജിയില്‍ സെപ്റ്റംബർ പകുതിയോടെയാണ് ബത്തേരി സിവില്‍ കോടതി വിധി പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഹർജിക്കാർക്ക് വിധി പകർപ്പ് ലഭ്യമായത്.
സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ചാരിറ്റബിൾ സൊസൈറ്റിയിൽ നടന്നത് ഗുരുതരമായ ക്രമക്കേടുകളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തട്ടിപ്പുകൾ പുറത്തെത്തിച്ച ഏഷ്യാനെറ്റ് ന്യൂസിനെ അഭിനന്ദിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബ്രഹ്മാണ്ഡ തട്ടിപ്പ് എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയിൽ രാഷ്ട്രീയ വിവാദവും ശക്തമാവുകയാണ്. ഇത്രയും ഗുരുതരമായ തട്ടിപ്പുകൾ ആണ് ബ്രഹ്മഗിരിയിൽ നടന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണത്തിലൂടെയാണ് തിരിച്ചറിയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ശബരിമലയിൽ ആണെങ്കിലും ബ്രഹ്മഗിരിയിൽ ആണെങ്കിലും സിപിഎം നേതാക്കൾ തട്ടിപ്പിന് കൂട്ടു നിൽക്കുന്നതാണ് കാണാനാകുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.