
തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീപിടിത്തത്തിലെ അട്ടിമറി സാധ്യത തള്ളി കളക്ടർ രേണു രാജ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തിലായിരുന്നു രേണു രാജന്‍റെ വിശദീകരണം. മാലിന്യത്തിന്റെ രാസ വിഘടന പ്രക്രിയയാണ് തീപിടിത്തത്തിന് കാരണം എന്നാണ് കളക്ടര്‍ വിശദീകരിക്കുന്നത്. ഇത് കാരണം ബഹിർഗമിക്കുന്ന ചൂട് കാരണമുണ്ടാക്കുന്ന സ്മോൾഡറിംഗാണ് പ്ലാന്റിൽ ഉണ്ടായത്. പൊതുവെ ചൂട് വർദ്ധിച്ചതും ആക്കം കൂട്ടിയെന്ന് രേണു രാജ് കൂട്ടിച്ചേര്‍ത്തു.
മാർച്ച് 2 ന് വൈകുന്നേരം 4.30 നാണ് ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ തീപിടുത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉടൻ തന്നെ ഫയർ ഫോഴ്സ്, പൊലീസ് യൂണിറ്റുകൾ സ്ഥലത്തെത്തുകയും തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നും പുറമെ നേവി, വായു സേനയുൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെയും സഹായം ലഭ്യമാക്കിയെന്നും രേണു രാജ് യോഗത്തില്‍ വിശദീകരിച്ചു. അതേസമയം, കത്തിപ്പടരുന്ന തീ പൂർണ്ണമായും നിയന്ത്രണ വിധേയമായെങ്കിലും മാലിന്യത്തിനകത്ത് നിന്നുള്ള ചൂടിൽ നീറി പുകയുന്ന സ്ഥിതി തുടരുകയാണ്. ഇതുവഴിയാണ് പ്ലാന്‍റിന് സമീപപ്രദേശത്ത് പൊതുവെ പുക പടരുന്ന സാഹചര്യമുണ്ടായതെന്നും കളക്ടര്‍ പറഞ്ഞു.
മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പുക ബഹിർഗമിക്കുന്ന മേഖലകളിൽ മാലിന്യങ്ങൾ മാന്തി മാറ്റി അകത്തേക്ക് വെള്ളം പമ്പ് ചെയ്ത് പുകയുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തി വരുന്നത്. അഗ്നിശമന സേനകളുടെ മുപ്പതിലധികം യൂണിറ്റ് ഫയർ എഞ്ചിനുകൾക്ക് പുറമെ ആലപ്പുഴയിൽ നിന്ന് എത്തിച്ചിട്ടുള്ള 3 ഉയർന്ന കപ്പാസിറ്റിയുള്ള പമ്പ് സെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ച് മിനുട്ടിൽ 60,000 ലിറ്റർ എന്ന തോതിൽ വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനം തുടരുകയാണെന്നും കളക്ടർ രേണു രാജ് ഉന്നത തല യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു.