
ദില്ലി: ബ്രഹ്മപുരം സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ. 500 കോടി പിഴ ഈടാക്കുമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ മുന്നിറിയിപ്പ്. സംസ്ഥാനത്തെ ഭരണനിർവഹണത്തിലെ വീഴ്ച്ചയെന്നും കോടതി വിമർശിച്ചു. ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ എടുത്ത കേസിലാണ് വിമർശനം. ആറാം തീയതിയിലെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തത്. ജസ്റ്റിസ് എ കെ ഗോയൽ അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് വിമർശനം.
അതേസമയം, കൊച്ചിയിൽ അമ്ലമഴയെന്ന പ്രചാരണത്തിനിടെ ആദ്യ വേനൽ മഴയിലെ വെള്ളത്തിന്റെ സാംപിൾ ശേഖരിക്കുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡിന് ഗുരുതര വീഴ്ച പറ്റി എന്നാണ് വിമർശനം ഉയരുന്നത്. ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ട മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യമഴയുടെ സാമ്പിൾ ഒന്നും ശേഖരിച്ചില്ല. പ്രോട്ടോകോൾ പ്രകാരം സാമ്പിൾ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ന്യായം.
ബ്രഹ്മപുരത്തെ തീപിടുത്തം മൂലം അന്തരീക്ഷത്തിൽ മാരക രാസപദാർത്ഥങ്ങൾ ഉണ്ടാകാമെന്നും ആദ്യത്തെ മഴ, അമ്ല മഴയാകുമെന്നുമൊക്കെ ദിവസങ്ങൾക്ക് മുമ്പേ ആശങ്ക പ്രചരിക്കുന്നുമുണ്ട്. ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ടതിന്റെ ഉത്തരവാദിത്വം മലിനീകരണ നിയന്ത്രണ ബോർഡാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിലപാട്. ആദ്യമഴയുടെ സാമ്പിൾ ശേഖരിച്ചിട്ടില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിക്കുന്നത്. ബ്രഹ്മപുരത്തിന് സമീപത്തെ ജലാശയങ്ങളിൽ നിന്നുള്ള സാമ്പിൾ ശേഖരിച്ചതും മഴയ്ക്ക് മുമ്പാണ്. സ്റ്റാൻഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസിഡ്യർ പ്രകാരം മഴസാമ്പിൾ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വാദം.
അമ്ല മഴയ്ക്കുള്ള സാഹചര്യം കൊച്ചിയിയില്ലെന്നാണ് വിശദീകരണം. എന്നാൽ അസാധാരണ സാഹചര്യവും ജനത്തിന്റെ ഭീതിയും കണക്കിലെടുത്തെങ്കിലും സാമ്പിൾ പരിശോധിക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടിയുമില്ല. അടുത്ത മഴയുടെ സാമ്പിൾ പരിശോധിക്കാമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ പറയുന്നത്. ഡയോക്സിൻ സാന്നിധ്യത്തിന്റെ പരിശോധനയ്ക്ക് അപ്പുറം ഇതുവരെയും കൊച്ചിയിലെ അന്തരീക്ഷത്തിന്റെ കെമിക്കൽ അനാലിസിസ് നടത്തിയിട്ടുമില്ല. അതായത് ആസിഡ് മഴയ്ക്ക് കാരണമായേക്കാവുന്ന രാസപദാർത്ഥങ്ങളുടെ സാന്നിധ്യം ഉണ്ടോയെന്ന് അറിയാൻ ഓദ്യോഗിക സാമ്പിൾ ശേഖരണം നടന്നിട്ടില്ല. കെമിക്കൽ അനാലിസിസും, മഴ സാമ്പിളിന്റെ പരിശോധനയും നടത്തിയിരുന്നെങ്കിൽ ജനങ്ങളുടെ ആശങ്കൾക്കും സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിനും കൃത്യമായി ഉത്തരം നൽകാമായിരുന്നു എന്നിരിക്കെയാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വീഴ്ച.