
പാലക്കാട്: മങ്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയുടെ കാലിൽ വിഷപ്പാമ്പ് ചുറ്റിയതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും അധ്യാപകരും നാട്ടുകാരും. നമ്മുടെ നാട്ടിലുള്ള പാമ്പുകളിൽ ഏറ്റവും അപകടകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വെള്ളിക്കെട്ടൻ കാലിൽ ചുറ്റിയിട്ടും ആശ്രയ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഇവരെല്ലാം. കുറഞ്ഞ അളവ് വിഷം മതി മരണം സംഭവിക്കാൻ. അത്ര അപകടകാരിയായ പാമ്പിൽ നിന്ന് ആശ്രയ രക്ഷപ്പെട്ടത് മനസ്സാന്നിധ്യം ഒന്ന് കൊണ്ടു മാത്രമാണ്.
രാവിലെ ഒമ്പതരയോടെ സ്കൂളിലെത്തി ക്ലാസ് മുറിക്കകത്ത് കയറുന്നതിനിടെയാണ് ആശ്രയ പാമ്പിനെ ചവിട്ടിയത്. ഉടനെ പാമ്പ് കാലിൽ കയറി. കാലിൽ ചുറ്റി. ഓടാൻ ശ്രമിക്കാതെ ശക്തമായി കാല് കുടയുകയാണ് ആശ്രയ ചെയ്തത്. ഇതിനിടെ പാമ്പ് കാലിൽ നിന്ന് തെറിച്ചുപോയത് തുണയായി. പാമ്പ് കാലിൽ കയറിയ ഉടൻ കുടഞ്ഞതിനാൽ കടിയേൽക്കാതെ രക്ഷപ്പെടാനായി. ഈ മനസ്സാന്നിധ്യത്തെയാണ് എല്ലാവരും പ്രശംസിക്കുന്നത്. കാലിൽ നിന്ന് പാമ്പിനെ കുടഞ്ഞെറിഞ്ഞ ശേഷം ആശ്രയയുടെ കരച്ചിൽ കേട്ടാണ് അധ്യാപകർ ഓടിയെത്തിയത്. ഓടിയെത്തിയവരോട് കാര്യം പറഞ്ഞ ശേഷം, പാമ്പ് അലമാരയിലേക്ക് കയറിയെന്ന വിവരവും ഈ മിടുക്കി പങ്കുവച്ചു. ഓടിയെത്തിവർ പാമ്പിനെ പിടികൂടുകയും തല്ലിക്കൊല്ലുകയും ചെയ്തു.
കുട്ടിയെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആശ്രയയ്ക്ക് പാമ്പ് കടിയേറ്റിട്ടില്ലെന്നാണ് പരിശോധനയിൽ ബോധ്യപ്പെട്ടത്. ശരീരത്തിൽ കടിയേറ്റ പാടുകളും ഉണ്ടായിരുന്നില്ല. ഇതിന് ശേഷമാണ് എല്ലാവർക്കും ആശ്വാസമായത്. പാമ്പ് കടിയേറ്റിട്ടില്ലെന്ന് കണ്ടെത്തിയെങ്കിലും കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്. 24 മണിക്കൂർ നിരീക്ഷണം തുടരുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ക്ലാസ് മുറിക്കകത്ത് വിഷപ്പാമ്പ്, നാലാം ക്ലാസ് വിദ്യാർത്ഥിനിയുടെ കാലിൽ ചുറ്റി
ക്ലാസ് മുറിയുടെ പരിസരം കാടുപിടിച്ചു കിടക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. സ്കൂൾ തുറക്കുന്നതിന് മുന്നേതന്നെ പരിസരങ്ങളിലെ കാടുകൾ നീക്കം ചെയ്യണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ വരുത്തിയ വീഴ്ചയാണ് വലിയൊരു അപകടത്തിന്റെ വക്കിൽ കാര്യങ്ങളെത്തിച്ചത്. സംഭവത്തിൽ നാട്ടുകാർ സ്കൂളിൽ പ്രതിഷേധിച്ചു. പരിഹാര നടപടി ഉണ്ടാകുന്ന വരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam