
തിരുവനന്തപുരം: ബ്രൂവറിക്കേസിൽ ശിക്ഷിക്കപ്പെടുമെന്ന ഭയമാണ് രേഖകൾ ഹാജരാക്കാനുള്ള വിജിലൻസ് കോടതി വിധിക്കെതിരെ തിടുക്കപ്പെട്ട് ഹൈക്കോടതിയിൽനിന്നു താത്ക്കാലിക വിധി സമ്പാദിച്ചതിന്റെ പിന്നിലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫയലുകൾ കോടതി പരിശോധിച്ചാൽ പിണറായി വിജയൻ ഉൾപ്പെടെയുളളവർ നടത്തിയ കൊടിയ അഴിമതി പുറത്തു വരും. ഇത് ഭയന്നാണ് താത്ക്കാലിക വിധി സമ്പാദിച്ചത്. തന്‍റെ ഭാഗം കോടതി കേട്ടിട്ടില്ല.
ഹൈക്കോടതിയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തും. ധനകാര്യ വകുപ്പ് തീർപ്പാക്കിയ ഫയൽ ഹാജരാക്കാൻ എന്തിനാ ഭയക്കുന്നതെന്ന് ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമായി. ഇതുകൊണ്ടൊന്നും നിങ്ങൾ രക്ഷപ്പെടാൻ പോകുന്നില്ല. തന്‍റെ നിയമപോരാട്ടം തുടരും. സത്യം പുറത്ത് കൊണ്ടുവരും. ഒരു മാനദണ്ഡവും പാലിക്കാതെ ഇഷ്ടപ്പെട്ടവർക്കും കടലാസ് ലേബലിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും നിയമം മറികടന്നു കോടിക്കണക്കിനു രൂപ മൂല്യമുള്ള ഭൂമി പാട്ടത്തിനു നൽകിയതുൾപ്പടെയുള്ള സർക്കാർ ഉത്തരവുകൾ അഴിമതിയല്ലാതെ പിന്നെന്താണെന്നും ചെന്നിത്തല ചോദിച്ചു.
താൻ പ്രതിപക്ഷ നേതാവായിരിക്കെ ഈ കൊടിയ അഴിമതി പുറത്തു കൊണ്ടുവന്നതുകൊണ്ടു മാത്രമാണ് അന്നത്തെ പിണറായി സർക്കാരിന് ഉത്തരവുകൾ പിൻവലിക്കേണ്ടി വന്നത്. നിങ്ങൾ എത്ര ബാരിക്കേഡുകൾകൊണ്ട് മറയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരികതന്നെ ചെയ്യുമെന്നു ചെന്നിത്തല പറഞ്ഞു.
ബ്രൂവറി കേസില്‍ നികുതി വകുപ്പിൽ നിന്ന് ഫയലുകൾ സമർപ്പിക്കണമെന്ന തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. വിജിലൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ. സ്വകാര്യ അന്യായത്തിന്മേൽ വിജിലൻസ് കോടതിക്ക് കേസെടുക്കാൻ ആവില്ലെന്ന് സർക്കാർ വാദിച്ചു. സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായാണ് വിജിലൻസ് കോടതി ഉത്തരവെന്നും സർക്കാർ വ്യക്തമാക്കി. രമേശ് ചെന്നിത്തലയാണ് ബ്രൂവറി അഴിമതി കേസുമായി വിജിലന്‍സ് കോടതിയെ സമീപിച്ചത്.
'കഴമ്പില്ലെന്ന് കണ്ട് തള്ളികളയാനുള്ളതല്ല ബ്രുവറി കേസ്', വിജിലൻസ് കോടതി
ബ്രുവറി കേസിൽ സർക്കാരിന്‍റെ തടസ്സഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ വിജിലന്‍സ് കോടതിയുടെ നിരീക്ഷണമാണിത്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി സമർപ്പിച്ച അഴിമതി ആരോപണത്തിലെ അന്വേഷണം തടസ്സപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനായിരുന്നു വിജിലന്‍സ് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടത്. സർക്കാരിന്‍റെ തടസ്സ ഹർജി തള്ളിയതോടെ ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ബ്രുവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നൽകിയതിൽ കോടതി മേൽ നോട്ടത്തിൽ അന്വേഷണം തുടരും. ഉത്തരവ് റദ്ദാക്കിയതിനാൽ അഴിമതി ആരോപണം നിലനിൽക്കില്ലെന്ന് വാദമാണ് സർക്കാർ കോടതിയിൽ ഉയർത്തിയത്. വിജിലൻസ് അന്വേഷണ ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയും പ്രോസിക്യൂഷൻ അനുമതി തേടി ചെന്നിത്തല നൽകിയ ഹർജി ഗവർണ്ണറും തള്ളിയതും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ വാദങ്ങൾ അംഗീകരിക്കാതെയാണ് കോടതി മേൽ നോട്ടത്തിലുള്ള അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന നിലപാട് വിജിലൻസ് കോടതി സ്വീകരിച്ചത്.
സർക്കാരിന്‍റെ തടസ്സ ഹർജി തള്ളിയ വിജിലൻസ് കോടതി കേസുമായി ബന്ധപ്പെട്ട രേഖകൾ ഹർജിക്കാരനായ ചെന്നിത്തലയക്ക് കൈമാറണമെന്നും ഉത്തരവിട്ടു. എക്സൈസ് മന്ത്രിയായയിരുന്ന ടി പി രാമകൃഷ്ണൻ, എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് തുടങ്ങിയവരെ പ്രതിയാക്കിയുള്ള കേസിൽ അന്നത്തെ മന്ത്രിമാരായ ഇ പി ജയരരാജൻ, വി എസ് സുനിൽ കുമാർ എന്നിവരെ വിസ്തരിക്കും. ഈ മാസം 17ന് വിസ്താര നടപടികൾ തുടരുമെന്നും കോടതി വ്യക്തമാക്കി. ബ്രൂവറി സ്ഥാപിക്കാൻ കമ്പനിക്ക് കിൻഫ്രയിൽ സ്ഥലം അനുവദിച്ചെന്ന പരാതിയുടെ പേരിലാണ് മുൻവ്യവസായ മന്ത്രിയെ വിസ്തരിക്കുന്നത്. ബ്രൂവറി അനുമതി വേണ്ടത്ര ചർച്ച ചെയ്യാതെയാണെന്ന പ്രതികരണത്തിന്‍റെ പേരിലാണ് വി എസ് സുനിൽകുമാറിനെ വിസ്‍തരിക്കുന്നത്. വിജിലന്‍സ് കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പിലിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.
'ടിപി കേസിലെ സിബിഐ അന്വേഷണം അട്ടിമറിച്ചതിന് പിന്നിൽ ബിജെപി-സിപിഎം ബന്ധം': രമേശ് ചെന്നിത്തല