
കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവ ചികിത്സക്കെത്തുന്നവരിൽ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന ആരോപണത്തോട് പ്രതികരിച്ച് ആശുപത്രി സൂപ്രണ്ട്. ആശുപത്രിയിൽ നിന്ന് ഡോക്ടർമാർ ആരും കൈക്കൂലി വാങ്ങുന്നില്ലെന്നും സ്വകാര്യ പ്രാക്റ്റീസ് ഉള്ളതുകൊണ്ട് വീട്ടിൽ നിന്ന് വാങ്ങുന്നുണ്ടോ എന്ന് അറിയാനാവില്ലെന്നും സൂപ്രണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ ഉച്ചക്ക് രോഗിയുടെ ബൈസ്റ്റാൻഡർ വന്ന് കണ്ട് പരാതി തന്നിരുന്നു. എന്നാൽ എഴുതി തരാൻ ആവശ്യപ്പെട്ടെങ്കിലും തന്നില്ല. അനസ്തേഷ്യ വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. സ്ഥിരമായി ജോലി ചെയ്യേണ്ടി വരുമ്പോൾ പുറത്ത് നിന്ന് ഒരു പാനലുണ്ടാക്കി അവരെ വിളിക്കുകയാണ് പതിവ്. അവർക്ക് കൊടുക്കുന്ന 2000 രൂപ മതിയാകാതെ വരുമ്പോൾ കൂടുതൽ കൊടുക്കാൻ ഗൈനക്കോളജിസ്റ്റ് പറയുന്നുണ്ടാവാമെന്നും സൂപ്രണ്ട് വിശദീകരിച്ചു.
ഭാര്യയുടെ പ്രസവത്തിനായി സ്ത്രീ രോഗ വിദഗ്ദയ്ക്ക് 2000 രൂപയും അനസ്തേഷ്യ ഡോക്ടർക്ക് 3000 രൂപയും കൊടുക്കേണ്ടി വന്നുവെന്നാണ് തലശ്ശേരി സ്വദേശിയായ യുവാവിൻ്റെ പരാതി. പ്രീജ എന്ന ഗൈനക്കോളജിസ്റ്റിനെതിരെയാണ് ആരോപണം. മറ്റ് സ്ത്രീ രോഗ വിദഗ്ദരും കൈക്കൂലി വാങ്ങുന്നുണ്ടെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞിട്ടുണ്ട്. പ്രസവ ചികിത്സക്കെത്തുന്ന എല്ലാവരിൽ നിന്നും പണം വാങ്ങിക്കുന്നുണ്ടെന്നും രോഗികളുടെ ജീവനെ കുറിച്ച് ആലോചിച്ച് ആരും പരാതിപ്പെടാറില്ലെന്നും ആശുപത്രിയിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും യുവാവ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam