കരാറുകാരനോട് അരലക്ഷം കൈക്കൂലി ചോദിച്ചു, അസിസ്റ്റന്റ് എഞ്ചിനീയറെ വിജിലൻസ് കൈയ്യോടെ പിടികൂടി

By Web TeamFirst Published Feb 4, 2020, 9:09 AM IST
Highlights

വീട്ടിൽ വച്ചാണ് രഘു കൈക്കൂലി വാങ്ങിയത്. പരാതിക്കാരനുമായി ചേർന്ന് വിജിലൻസ് സംഘം നടത്തിയ നീക്കത്തിലാണ് സംഭവം വ്യക്തമായത്

കായംകുളം: കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസിസ്റ്റന്റ് എൻജിനീയർ വിജിലൻസിന്റെ പിടിയിലായി. കായംകുളം നഗരസഭാ അസിസ്റ്റന്റ് എൻജിനീയർ പുതുപ്പള്ളി ഗോവിന്ദമുട്ടം രോഹിണി നിലയത്തിൽ രഘുവാണ് വിജിലൻസിന്റെ പിടിയിലായത്. കരാറുകാരനോട് ബില്ല് മാറുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട രഘുവിനെതിരെ കരാറുകാരൻ ആലപ്പുഴ വിജിലൻസിന്പരാതിനൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ രാവിലെ എട്ട് മണിയോടെ വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ നോട്ട് കരാറുകാരൻ എൻജിനിയർ രഘുവിന് കൈമാറുകയായിരുന്നു. ഇതിനിടയിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ രഘുവിനെ കയ്യോടെ പിടികൂടിയത്. 50,000 രൂപയാണ് കൈക്കൂലിയായി രഘു ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.

ഇന്ന് രാവിലെ തുടങ്ങിയ പരിശോധന ഉച്ചയോടെ അവസാനിച്ചു. കോട്ടയം വിജിലൻസ് എസ്.പി. വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി എ.കെ. വിശ്വനാഥന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം രഘുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രഘുവിനെ  കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്യും. രഘുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുനതടക്കമുള്ള തുടർ നടപടികൾ ഉടൻ ഉണ്ടാകും.

click me!