ചെമ്പരിക്ക ഖാസിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ; നിഗമനം മനഃശാസ്ത്ര അപഗ്രഥന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍

By Web TeamFirst Published Feb 4, 2020, 8:04 AM IST
Highlights

മരണകാരണം ആത്മഹത്യയാണോ അപകടമാണോയെന്ന് പറയാൻ കഴിയില്ലെന്നാണ് മനഃശാസ്ത്ര അപഗ്രഥന റിപ്പോർട്ടുകളെ ആധാരമാക്കി സിബിഐയുടെ കണ്ടെത്തല്‍.

കൊച്ചി: കാസർകോട് ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ. വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ മരണകാരണം ആത്മഹത്യയാണോ അപകടമാണോയെന്ന് പറയാൻ കഴിയില്ലെന്നാണ് മനഃശാസ്ത്ര അപഗ്രഥന റിപ്പോർട്ടുകളെ ആധാരമാക്കി സിബിഐയുടെ നിഗമനം. ഈ സാഹചര്യത്തില്‍ കേസന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു.

സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി കെ ജെ ഡാർവിനാണ് കേസന്വേഷണം അവസാനിപ്പിക്കാൻ അനുവാദം തേടി എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി ഇത് 4-ാം തവണയാണ് സിബിഐ റിപ്പോർട്ട് നൽകുന്നത്. കൊലപാതകം ആണെന്നതിന് ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ജനുവരിൽ അന്വേഷണം അവസാനിപ്പിച്ച കേസിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് സിബിഐ തുടരന്വേഷണം നടത്തിയത്. 

മരണകാരണം ആത്മഹത്യയാണോ അപകടമാണോയെന്ന് പറയാൻ കഴിയില്ലെന്നാണ് മനഃശാസ്ത്ര അപഗ്രഥന റിപ്പോർട്ടുകളെ ആധാരമാക്കി സിബിഐയുടെ കണ്ടെത്തല്‍. പുതുച്ചേരി ജിപ്മെറിലെ സൈക്യാട്രി അഡീ. പ്രഫസർ ഡോ. വികാസ് മേനോൻ, ഫൊറൻസിക് മെഡിസിൻ മേധാവി ഡോ. കുസ കുമാർ സാഹ, സൈക്യാട്രി പ്രഫ. ഡോ. മൗഷ്മി പുർകായസ്ത, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.അറിവഴകൻ, സൈക്യാട്രി സോഷ്യൽ വർക്കർ കെ ഗ്രീഷ്മ എന്നിവരാണ് സൈക്കളോജിക്കൽ ഓട്ടോപ്സിക്ക് നേതൃത്വം നൽകിയത്. ഖാസിയുടെ ഭാര്യ ആയിഷ, മകൻ ഉസ്മാൻ, മറ്റൊരു മകനായ മുനീറിന്റെ ഭാര്യ, ഖാസിയുടെ അനുജൻ ഉബൈദ്, എന്നിവരോടും മനഃശാസ്ത്രജ്ഞരുടെ സംഘം വിശദമായി സംസാരിച്ചിരുന്നു.

ഓട്ടോറിക്ഷാ ഡ്രൈവറായ ആദൂർ അഷ്റഫ് എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മൂന്നാം തവണ അന്വേഷണം. ഈ മൊഴികൾ വിശ്വസനീയമല്ലെന്നാണു സിബിഐയുടെ കണ്ടെത്തൽ. 2010 ഫെബ്രവരി 15 നാണു മൗലവിയെ കർണാടക അതിർത്തിയിലെ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം മരിച്ച നിലയിൽ കണ്ടത്. 

click me!