
തിരുവനന്തപുരം: എംബിബിഎസ് പ്രവേശനത്തിനായി വ്യാജ രേഖയുണ്ടാക്കിയെന്ന പരാതിയിൽ സിഎസ്ഐ ദക്ഷിണ മഹാ ഇടവക ബിഷപ്പ് ധർമ്മരാജ റാസ്സലത്തിനെതിരെ പൊലീസ് കേസെടുത്തു. കോടതി നിർദ്ദേശ പ്രകാരമാണ് ബിഷപ്പിനെ മൂന്നാം പ്രതിയാക്കി നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്.
സിഎസ്ഐ സഭയ്ക്ക് കീഴിലുള്ള കാരക്കോണം മെഡിക്കൽ കോളജിലേക്ക് ഒരു വിദ്യാർത്ഥിനിക്ക് പ്രവേശനം നേടാനായി വ്യാജ രേഖയുണ്ടാക്കാൻ ബിഷപ്പ് കൂട്ടുനിന്നുവെന്നാണ് പരാതി. കുമാരപുരം സ്വദേശിയും സിഎസ്ഐ സഭയിലെ അംഗവുമായ വി ടി മോഹൻ കോടതിയിൽ നൽകിയ പരാതിയിലാണ് കേസ്. പ്രവേശനം നേടിയ വിദ്യാർഥിനി സിഎംഎസ് ആംഗ്ലിക്കൻ ചർച്ചിലെ അംഗമാണെന്ന വ്യാജ സർട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്നും കോളേജ് ചെയർമാൻ കൂടിയായ ബിഷപ്പ് ഈ പ്രവേശനത്തിന് കൂട്ടുനിന്നുവെന്നുമാണ് പരാതി. നെയ്യാറ്റിൻകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സംഭവത്തില്‍ കേസെടുക്കാൻ നിർദ്ദേശം നൽകിയത്.
വിദ്യാർഥിനിയുടെ അച്ഛനെ ഒന്നും വിദ്യാർഥിനിയെ രണ്ടാം പ്രതിയുമായാണ് കേസ്. തലവരിപ്പണത്തെ കുറിച്ചും വിദ്യാർഥിനി പ്രവേശനത്തിലെ ക്രമക്കേടിനെ കുറിച്ചുമെല്ലാം നിരവധി കേസുകള്‍ ഇതിന് മുമ്പും രജിസ്റ്റർ ചെയ്തുവെങ്കിലും ബിഷപ്പ് ആദ്യമായാണ് പ്രതിയാകുന്നത്. സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കുട്ടികളിൽ നിന്നും വാങ്ങിയ പണം തിരികെ നൽകാത്ത സംഭവത്തിൽ കേസെടുക്കാൻ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷണർ സർക്കാരിന് ശുപാർശ നൽകിയിരുന്നു. പണം തിരികെ നൽകുമെന്നാണ് ബിഷപ്പ് കമ്മീഷണന് രേഖാമൂലം ഉറപ്പുനൽകിയിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam