സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകം: പ്രതി ഷാജഹാന് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് സഹോദരൻ

By Web TeamFirst Published Mar 3, 2019, 3:57 PM IST
Highlights
പ്രതി ഷാജഹാന് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് സഹോദരൻ സുലൈമാൻ. ഒരു പാർട്ടിയിലും ജേഷ്ഠൻ പ്രവർത്തിക്കുന്നില്ല. തെരഞ്ഞെടുപ്പ് വരുന്നതിനാൽ സിപിഎം കുപ്രചാരണം നടത്തുകയാണെന്നും സുലൈമാൻ ഏഷ്യാനെറ്റ് ന്യൂസിനോട്.

കൊല്ലം: കൊല്ലം കടയ്ക്കലിൽ സിപിഎം പ്രവര്‍ത്തകനെ കൊന്ന കേസിലെ പ്രതി ഷാജഹാന് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് സഹോദരൻ സുലൈമാൻ. ഒരു പാർട്ടിയിലും ജേഷ്ഠൻ പ്രവർത്തിക്കുന്നില്ല. തെരഞ്ഞെടുപ്പ് വരുന്നതിനാൽ സിപിഎം കുപ്രചാരണം നടത്തുകയാണെന്നും സുലൈമാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേസമയം, കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന തള്ളി കൊല്ലപ്പെട്ട ബഷീറിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. ബഷീറിന്‍റെ കപ്പ കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് ബഷീറിന്‍റെ  സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോൺഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന സിപിഎം ആരോപണത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഡിജിപിക്ക് പരാതി നൽകി.

ബഷീറിന്‍റേത് രാഷ്ട്രീയ കൊലപാതകമെന്നാണ് സിപിഎം ആരോാപണം. പ്രതി ഷാജഹാൻ കോൺഗ്രസ് പ്രവർത്തകനാണെന്നും സിപിഎം പറയുന്നു. ബ്രാഞ്ച് കമ്മിറ്റിയംഗം ബഷീറിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കടയ്ക്കലിൽ സിപിഎം പ്രതിഷേധ പ്രകടനവും നടത്തി. ചിതറ പഞ്ചായത്തില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലും നടക്കുകയാണ്. എന്നാൽ രാഷ്ട്രീയ കൊലപാതകമെന്ന സിപിഎമ്മിന്‍റെ ആരോപണം പൂർണ്ണമായും തള്ളിയിരിക്കുകയാണ് കൊല്ലപ്പെട്ട ബഷീറിന്‍റെ സഹോദരി അഭിസാ വ്യക്തമാക്കുന്നു.

നേരത്തെ ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ തർക്കമുണ്ടായിരുന്നു. ഇന്നലെ വൈകീട്ട് മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായി. വൈകുന്നേരം മുന്നര മണിയോടെ ബഷീറിന്‍റെ വീട്ടിലെത്തിയ ഷാജഹാൻ ബഷീറിനെ കുത്തി കൊലപ്പെടുത്തി. ബഷീറിന്‍റെ ദേഹത്ത് ഒൻപത് മുറിവുകളാണ് ഉള്ളത്. നെഞ്ചില്‍ ഏറ്റ രണ്ട് കുത്തുകളാണ് മരണത്തിന് കാരണം. കൊലപാകത്തിൽ വ്യാജ പ്രചാരണം നടത്തി ര‌ാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും ഷാജഹാന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.

click me!