
കൊച്ചി : മാർക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം. അഖില നന്ദകുമാറിനെതിരെ കേസ് എടുത്ത നടപടി, ഭരണകർത്താക്കൾക്ക് വിറളി പിടിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ബി ആർ പി ഭാസ്‌കർ പ്രതികരിച്ചു. സർക്കാരിന്റെ യഥാർത്ഥ മുഖമാണ് പുറത്തു വരുന്നത്. ആനമണ്ടത്തരമാണ് ചെയ്യുന്നതെന്ന് പൊലീസിന് എന്തുകൊണ്ടാണ് മനസിലാകാത്തതെന്നും ബി ആർ പി ഭാസ്കർ ചോദിച്ചു.
മഹാരാജാസ് കോളജ് മാർക് ലിസ്റ്റ് വിവാദം തത്സമയം റിപ്പോർട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാനത്തെ മാധ്യമസ്വതന്ത്യത്തിന് കൂച്ചുവിലങ്ങിടാനുളള ശ്രമമാണ് രണ്ടാം പിണറായി സർക്കാർ നടത്തുന്നതെന്നാണ് ആക്ഷേപം. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് കാമ്പസിൽ നിന്ന് വാർത്ത തൽസമയം റിപ്പോർട് ചെയ്ത അഖിലയടക്കുളളവരെ പ്രതിചേർത്തത്. അർഷോയുടെ പരാതിയിൽ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് കേസന്വേഷിക്കുന്ന കൊച്ചി പൊലീസ് ആദ്യ രണ്ടു പ്രതികളായ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ, വകുപ്പുമേധാവി എന്നിവരുടെ മൊഴിയെടുത്തു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയ്ക്കെതിരായ മാർക് ലിസ്റ്റ് വിവാദം സാങ്കേതികപ്പിഴവ് മാത്രമാണെന്നും ഗൂഡാലോചനയില്ലെന്നുമാണ് ഇരുവരും മൊഴിനൽകിയത്. അഖിലയടക്കം ശേഷിക്കുന്ന മൂന്നുപേരുടെ മൊഴി അടുത്തദിവസം രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.
Read more