പ്രവാസിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി അറസ്റ്റിൽ, രണ്ടുപേർ വിദേശത്തേക്ക് കടന്നു

By Web TeamFirst Published May 24, 2022, 1:15 PM IST
Highlights

അബ്ദുൾ ജലീൽ കൊണ്ടുവന്ന സ്വർണം കണ്ടെത്താനായില്ല, വിമാനത്തിൽ കയറും മുമ്പ്  മാറ്റാർക്കോ കൈമാറിയെന്ന് സംശയം

മലപ്പുറം: പാലക്കാട് അഗളി സ്വദേശി അബ്ജുൾ ജലീലിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി യഹിയയുടെ അറസ്റ്റ് രേഖപ്പെടുത്തി. പെരിന്തൽമണ്ണ ആക്കപ്പറമ്പിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഒളിവിൽ ഇരുന്ന വീട്ടിൽ നിന്നാണ് യഹിയയെ പിടികൂടിയത് എന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഇയാളെ വലയിലാക്കിയത്. ജലീലിനെ മർദ്ദിച്ചതിൽ ഉൾപ്പെട്ട നാലപേരെ കൂടി ഇനി പിടികിട്ടാനുണ്ട്. രണ്ടുപേർ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

ഒരു കിലോയോളം സ്വർണമാണ് അബ്ദുൾ ജലീലിന് കൈവശം കൊടുത്തുവിട്ടതെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഈ സ്വർണം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച യഹിയയുടെ സംഘത്തിന് ലഭിച്ചിട്ടില്ല. ജലീലിന്റെ പക്കൽ കൊടുത്തയച്ച സ്വർണം വിമാനത്തിൽ കയറുന്നതിനു മുമ്പ് തന്നെ മാറ്റാർക്കോ കൈമാറി എന്നാണ് സംശയം. ജലീലിന്റെ ബാഗും മറ്റു വസ്തുക്കളും കണ്ടെടുക്കാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. 


 
യഹിയയുടെ അറസ്റ്റോടെ അബ്ജുൾ ജലീലിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊന്ന കേസിൽ ആകെ 9 പേർ പിടിയിലായി.  യഹിയ, അലിമോൻ, അൽത്താഫ്, റഫീഖ് ഇവർക്ക് സഹായം ചെയ്ത് കൊടുത്ത അനസ് ബാബു, മണികണ്ഠൻ മുഖ്യപ്രതി യഹിയയെ ഒളിവിൽ പോകാനും രക്ഷപ്പെടാനും സഹായിച്ച കരുവാരക്കുണ്ട് സ്വദേശി നബീൽ, പാണ്ടിക്കാട് സ്വദേശി മരക്കാർ, അങ്ങാടിപ്പുറം സ്വദേശി അജ്മൽ എന്നിവരാണ് അറസ്റ്റിലായത്. 

വിദേശത്ത് നിന്ന് സ്വർണം കടത്തുന്ന കാരിയറായിരുന്ന അബ്ജുൾ ജലീലിനെ യഹിയയുടെ നേതൃത്വത്തിൽ ഒരു സംഘം തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ക്രൂര മർദ്ദനമേറ്റ നിലയിൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജലീൽ തൊട്ടുപിന്നാലെ മരിച്ചു. മെയ് 15ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ അബ്ദുൾ ജലീലിനെ നാലു ദിവസത്തിന് ശേഷമാണ് ഗുരുതര പരിക്കുകളോടെ ഒരാൾ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചത് മലപ്പുറം സ്വദേശി യഹിയ ആണെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കണ്ടെത്തിയതോടെയാണ് കേസിന് തുമ്പുണ്ടായത്. 

click me!