വിസ്‍മയക്കേസില്‍ കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; പന്ത്രണ്ടര ലക്ഷം രൂപ പിഴ

Published : May 24, 2022, 12:53 PM ISTUpdated : May 24, 2022, 02:39 PM IST
വിസ്‍മയക്കേസില്‍ കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്;  പന്ത്രണ്ടര ലക്ഷം രൂപ പിഴ

Synopsis

വിവിധ വകുപ്പുകളിലായി  25 വർഷം ജയില്‍ ശിക്ഷ.  ശിക്ഷ ഒന്നിച്ചായതിനാൽ 10 വർഷം ജയിലിൽ കഴിഞ്ഞാൽ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം

കൊല്ലം: നിലമേൽ സ്വദേശിനി വിസ്മയ (Vismaya Case)സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന് (Kiran Kumar) 10 വര്‍ഷം തടവ് . വിവിധ വകുപ്പുകളിലായി  25 വർഷം ജയില്‍ ശിക്ഷ. ശിക്ഷ ഒന്നിച്ചായതിനാൽ 10 വർഷം ജയിലിൽ കഴിഞ്ഞാൽ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടുലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കിരണിനോട് കോടതി ചോദിച്ചിരുന്നു. വിസ്മയുടേത് ആത്മഹത്യയെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അച്ഛന് സുഖമില്ല, കുടുംബത്തിന്‍റെ ചുമതല തനിക്കെന്നും കിരണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ത്രീധനം വാങ്ങാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. വിസ്‍മയയെ സ്ത്രീധനത്തിനായി പ്രതി നിലത്തിട്ട് ചവിട്ടി. ഇത് സമൂഹം സഹിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ വിസ്‍മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിയിലെത്തിയിരുന്നു. അമ്മ സജിത വീട്ടിലെ ടിവിയിലൂടെയാണ് വിധി പ്രഖ്യാപനം കേട്ടത്.  

കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്‍റെ ജാമ്യം റദ്ദാക്കി ഇയാളെ ജയിലിലേക്ക് മാറ്റിയിരുന്നു. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി കിരണ്‍ കുറ്റക്കാരനാണെന്ന വിധി  ഇന്നലെ  പുറപ്പെടുവിച്ചത്. കിരണിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞിരുന്നു. ഐപിസി 304 (B),ഗാർഹിക പീഡനത്തിനെതിരായ 498 (A),ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഐപിസി 506, 323 വകുപ്പുകൾ മാത്രമാണ് തള്ളിക്കളഞ്ഞത്. 

വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പാണ് കേസിൽ വിധി വന്നിരിക്കുന്നത്. സമൂഹ മനസാക്ഷിയെ തൊട്ടുണർത്തിയ കേസിൽ അതിവേഗത്തിലായിരുന്നു കോടതി നടപടികൾ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന  ഭർത്താവ് കിരൺ സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങൾ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്. 2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് കേസിൽ ഇന്നലെ വിധി പറഞ്ഞത്. കേസ് കെട്ടിച്ചമച്ചതാണെന്നും സ്വന്തം അച്ഛനുമായുണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നും സമർഥിക്കാനാണ് പ്രതിഭാഗം കോടതിയിൽ ശ്രമിച്ചത്. ഭർതൃവീട്ടില്‍ താൻ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള വിസ്മയയുടെ ശബ്ദ സംഭാഷണം ഇതിനിടെ പുറത്തുവന്നു. അച്ഛൻ ത്രിവിക്രമൻ നായരുമായി നടത്തിയ ഫോൺ സംഭാഷണം കോടതിയിൽ സുപ്രധാന തെളിവായി പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അതിദാരിദ്ര്യമുക്തരായവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുത്, സൂ​ക്ഷ്മതയോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകണം': മുഖ്യമന്ത്രി
കരിമേഘക്കെട്ടഴിഞ്ഞ്....ലാലേട്ടന്റെ പാട്ടിന് ചുവട് വെച്ച് മന്ത്രി വീണാ ജോർജ്; അഭിനന്ദനവുമായി സോഷ്യൽമീഡിയ, വീഡിയോ വൈറൽ