
തിരുവനന്തപുരം : ബിഎസ്എൻഎൽ എഞ്ചിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസിലെ പ്രതികളുടെ 314 സ്വത്തുക്കള്‍ ബഡ്സ് നിയമപ്രകാരം കണ്ടുകെട്ടാൻ ക്രൈം ബ്രാഞ്ച് ശുപാർശ. ഏഴു പ്രതികളുടെയും ബിനാമികളുടെയും സ്വത്ത് കണ്ടെത്താനാണ് നടപടി. സഹകരണ മേഖലയിലെ തട്ടിപ്പിൽ രാജ്യത്ത് തന്നെ ബഡ്സ് നിയമം ചുമത്തുന്ന ആദ്യ കേസാണിതെന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.
210 കോടിലധികം രൂപയുടെ തട്ടിപ്പാണ് ബിഎസ്എൻഎൽ സഹകരണ സംഘത്തിൽ നടന്നത്. സർവ്വീസിലുള്ളവരുടേയും വിരമിച്ചരുടേയും നിക്ഷേപങ്ങളാണ് ഭരണ സമിതി തട്ടിയെടുത്തത്. പ്രതികളുടെ സ്വത്തുകളുടെ കൈമാറ്റം നിലവിൽ മരവിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് ബഡ്സ് നിയമ പ്രകാരം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ ലേലം ചെയ്ത് നിക്ഷേപകർക്ക് പണം തിരികെ നൽകാനുള്ള നടപടി തുടങ്ങിയത്.
1048 കേസുകളാണ് ഇതേവരെ രജിസ്റ്റർ ചെയ്തത്. കേസിൽ പ്രതികളായ ഏഴു പേരുടെയും അവരുടെ ബിനാമികളുടെയും ബന്ധുക്കളുടെ സ്വത്തുക്കള്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെത്തി. ഇതിന്റെ രേഖകളും കണ്ടെത്തി കളക്ടർക്ക് റിപ്പോർട്ട് നൽകി. മൂല്യനിർണയം നടത്തിയ കുറ്റക്കാർക്കെതിരെ ജില്ലാ കളക്ടർ കോടതിയിൽ റിപ്പോർട്ട് നൽകും. പ്രതികളുടെ വാദങ്ങള്‍ തൃപ്തികരമല്ലെങ്കിൽ ബഡ്സ് നിയമപ്രകാരം ഭൂമി ലേലം ചെയ്ത് പണം നിക്ഷേപകർക്ക് നൽകും.
സഹകരണ രജസ്ട്രാറുടെ പരിശോധനക്കപ്പുറം ക്രൈം ബ്രാഞ്ച് സംഘം ഒരു ചാർട്ടേഡ് അക്കൗണ്ടിനെ നിയമിച്ച് 2007 മുതൽ സഹകരണ സംഘത്തിൽ നടന്ന തട്ടിപ്പ് പരിശോധിക്കുകയാണ്. സഹകണ മേഖലയിൽ ബഡ്സ് നിയമം ചുമത്തുന്നത് ഇത് ആദ്യമാണ്. അതിനാൽ നിയമക്കുരുക്കള്‍ ഒഴിവാക്കാനാണ് സൂക്ഷമായി ഓഡിറ്റിംഗ് നടത്തുന്നത്. സംഘത്തിലേക്ക് വന്ന ലക്ഷങ്ങള്‍ രജിസ്റ്ററിൽ രേഖപ്പെടുത്താതെ നിക്ഷേപകർക്ക് വ്യാജ സർട്ടിഫിക്കറ്റുകളും നൽകിയിട്ടുണ്ട്. അതിനാൽ പരാതിക്കാർ ഉന്നയിക്കുന്ന തട്ടിപ്പ് രേഖകളില്ല. രേഖകളിൽ പോലുമില്ലാത്ത പണത്തിന്റെ തട്ടിപ്പ് കോടതിയിൽ തെളിയിക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam