
തിരുവനന്തപുരം: ഈ മാസം 23ന് നടന്ന ബിടെക് പരീക്ഷയിൽ കൂട്ട കോപ്പിയടിക്കാൻ ഉപയോഗിച്ച 28 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായി സാങ്കേതിക സർവ്വകലാശാല. 3 കോളേജുകളിൽ നിന്നും ലഭിച്ച റിപ്പോർട്ടിലാണ് ഈ വിവരം ഉള്ളത്. ഇൻവിജിലേറ്റർമാരുടെ കണ്ണ് വെട്ടിച്ചാണ് ഫോണുകൾ പരീക്ഷാ ഹാളിലെത്തിച്ചത്.
പിടിച്ചെടുത്ത ഫോണുകൾ ലോക്ക് ചെയ്ത നിലയിലാണെന്നാണ് പ്രിൻസിപ്പൽമാരുടെ റിപ്പോർട്ട്. കൂടുതൽ വിശദമായ പരിശോധന നടത്തി അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും കെടിയു വിസി പ്രിൻസിപ്പൽമാരോട് നിർദ്ദേശിച്ചു.
ബിടെക് മൂന്നാം സെമസ്റ്റർ കണക്ക് സപ്ലിമെന്ററി പരീക്ഷയിലായിരുന്നു കോപ്പിയടി നടന്നത്. എൻഎസ്എസ് പാലക്കാട്, ശ്രീചിത്ര തിരുവനന്തപുരം, എംഇഎസ് കുറ്റിപ്പുറം, നോളജ് സിറ്റി മലപ്പുറം എന്നീ കോളേജുകളിലായിരുന്നു ക്രമക്കേട്. കോളേജ് അധികൃതർ തന്നെയാണ് തട്ടിപ്പ് കണ്ടെത്തിയത്.
പരീക്ഷാ ഹാളിലേക്ക് ഒളിച്ച് കടത്തിയ മൊബൈൽ ഫോണിൽ ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് പുറത്തേക്ക് അയച്ചാണ് തട്ടിപ്പ് നടത്തിയത്. ഉത്തരങ്ങൾ എക്സാം എന്നതടക്കമുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കൈമാറുകയായിരുന്നു. പുറത്ത് നിന്നുള്ളവരാണ് ഉത്തരങ്ങൾ അയച്ചുനൽകിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട.
കൊവിഡ് പ്രോട്ടോക്കോൾ കണക്കിലെടുത്ത് ഇൻവിജിലേറ്റർമാർ ശാരീരിക അകലം പാലിച്ചത് മുതലെടുത്തായിരുന്നു കോപ്പിയടി. കോപ്പിയടി ശ്രദ്ധയിൽപ്പെട്ടതോടെ സിൻഡിക്കേറ്റ് ഉപസമിതിയാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനമെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam