മൊബൈൽ ചാർജറിന്‍റെ അഡാപ്റ്ററിൽ ഒളിപ്പിച്ച മൂന്ന് ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: മൊബൈൽ ചാർജറിന്‍റെ അഡാപ്റ്ററിൽ ഒളിപ്പിച്ച മൂന്ന് ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിൽ. കിളിമാനൂർ പൊരുന്തമൺ സ്വദേശി അബിൻ.പി.ആർ (21)നെ ആണ് കഴിഞ്ഞ ദിവസം ഡാൻസാഫ് സംഘവും കിളിമാനൂർ പൊലീസും ചേർന്ന് പിടികൂടിയത്. ഓപ്പറേഷൻ തുഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്. കിളിമാനൂരിലും പരിസര പ്രദേശങ്ങളിലും ലഹരി വസ്‌തുക്കൾ വില്‌പന നടക്കുന്നതായി റൂറൽ എസ്.പി പ്രശാന്തൻ കാണിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പൊരുന്തമൺ ഭാഗത്ത് പട്രോൾ നടത്തുന്നതിനിടെ സംശയം തോന്നിയ ബൈക്ക് തടഞ്ഞു നിർത്തി യുവാവിനെ പരിശോധിച്ചപ്പോൾ പാന്‍റിന്‍റെ പോക്കറ്റിൽ നിന്നും ലഭിച്ച ഫോൺ ചാർജറിന്‍റെ അഡാപ്റ്ററിൽ എം.ഡി.എം.എ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബെംഗളൂരില്‍ നിന്നും വില്‌പനയ്ക്കായി എത്തിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.


