നയപ്രഖ്യാപനപ്രസംഗം ഇന്ന്, പലതട്ടില്‍ ഗവര്‍ണറും സര്‍ക്കാരും പ്രതിപക്ഷവും: നിയമസഭാ സമ്മേളനം ഇന്നാരംഭിക്കും

By Web TeamFirst Published Jan 29, 2020, 6:21 AM IST
Highlights

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രസംഗത്തിലെ ഭാഗങ്ങൾ ഗവർണ്ണർ വായിക്കുമോ വായിക്കാതെ വിടുമോ എന്നുള്ളതാണ് ആകാംക്ഷ ഉണ്ടാക്കുന്ന കാര്യം.

തിരുവനന്തപുരം: പൗരത്വ പ്രശ്നത്തിലെ ത‍ർക്കം മുറുകുന്നതിനിടെ ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും.  പൗരത്വ നിയമഭേദഗതിക്കെതിരായ പ്രസംഗത്തിലെ ഭാഗങ്ങൾ ഗവർണ്ണർ വായിക്കുമോ വായിക്കാതെ വിടുമോ എന്നുള്ളതാണ് ആകാംക്ഷ ഉണ്ടാക്കുന്ന കാര്യം.  ഗവർണ്ണർക്കെതിരെ സഭയിൽ ഭരണപക്ഷം പ്രതിഷേധിക്കാനിടയില്ല. നയപ്രഖ്യാപന പ്രസംഗത്തോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ പ്രതിപക്ഷ നിലപാട് രാവിലെ ചേരുന്ന പാർലമെൻററി പാർട്ടി യോഗത്തില്‍ തീരുമാനിക്കും. 

പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനമാണ് ഇന്ന് തുടങ്ങുന്നത്. സാധാരണ സമ്മേളനത്തിനപ്പുറം ഈ ബജറ്റ് സമ്മേളനത്തെ അസാധാരണമാക്കുന്ന ഘടകങ്ങൾ അനവധിയാണ്. പൗരത്വനിയമത്തില്‍ ഏറ്റുമുട്ടുന്ന ഗവർണ്ണറോട് ഒരേ സമയം എതിർത്തും  കടുപ്പിക്കാതെയും സർക്കാ‍ർ. ഗവർണ്ണറോടും സർക്കാറിനോടും പോരിനിറങ്ങിയ പ്രതിപക്ഷം. ഇരുപക്ഷത്തെയും നിശിതമായി വിമർശിക്കുന്ന ഗവർണ്ണർ ഇതാണ് മുന്‍പെങ്ങും ഇല്ലാത്ത വിധം നയപ്രഖ്യാപനപ്രസംഗത്തെ ഇന്ന് ശ്രദ്ധേയമാക്കുന്നത്. 
 
ആദ്യത്തെ ആകാംക്ഷ 9-ന് തുടങ്ങുന്ന നയപ്രഖ്യാപന പ്രസംഗം. ഗവർണ്ണർ നിർദ്ദേശിച്ചിട്ടും പൗരത്വ നിയമത്തിനെതിരായ എതിർപ്പ് നയപ്രഖ്യാപന പ്രസംഗത്തിൽ നിന്നും മാറ്റാൻ സർക്കാർ തയ്യാറായിട്ടില്ല . ഈ സാഹചര്യത്തിൽ ആരിഫ് മുഹമ്മദ് ഖാൻ എന്തു നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയണം. വേണമെങ്കിൽ പല മുൻ ഗവർണ്ണർമാരും ചെയ്തപോലെ എതിർപ്പുള്ള ഭാഗം വായിക്കാതെ വിടാം. അതല്ല മുഴുവന്‍ ഭാഗവും വായിച്ച ശേഷം സ്പീക്കറെ എതിർപ്പ് അറിയിക്കുമോ അതോ നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളെ കണ്ട് വിമർശനം ഉന്നയിക്കുമോ എന്നുള്ളതിൽ സർക്കാറിനും പ്രതിപക്ഷത്തിനും ആശങ്കയുണ്ട്. 

ഗവർണ്ണറോട് ഏറ്റുമുട്ടേണ്ടെന്നാണ് സർക്കാറിന്‍റെ നിലവിലെ നിലപാട്. അതേ സമയം ഗവർണ്ണറും സർക്കാറും തമ്മിൽ രഹസ്യബന്ധമെന്ന് ആരോപിച്ചാണ് പ്രതിപക്ഷത്തിൻറെ ആക്രമണം. നയപ്രഖ്യാപന പ്രസംഗം നടക്കുമ്പോൾ പ്രതിഷേധിക്കണോ വേണ്ടയോ എന്നതിൽ പ്രതിപക്ഷം അന്തിമതീരുമാനമെടുത്തിട്ടില്ല. 

നയപ്രഖ്യാപനം പിന്നിട്ടാൽ പിന്നെ പ്രധാനദിവസം വെള്ളിയാഴ്ച. ഗവർണ്ണറെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചെന്നിത്തലയുടെ നോട്ടീസിൽ കാര്യോപദേശക സമിതി അന്ന് തീരുമാനമെടുക്കും. ഫെബ്രുവരി ഏഴിനാണ് ബജറ്റ്. തദ്ദേശ വാർഡ് വിഭജന ഓ‌‍ർ‍‍‍ഡിനൻസ് ഒപ്പിടാതെ വെച്ച ഗവർണ്ണറെ മറികടക്കാനുള്ള ബിൽ ആറിന് അവതരിപ്പിക്കും. 

click me!